# ‘ചാഞ്ചാടുണ്ണി ചാഞ്ചാടു…’ ഹയയിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

- Link: https://ml.b4blaze.com/film-news/chaanchaadunni-chaanchaadu-video-song-from-haya-released
- Published: 2022-12-11T16:08:03+05:30
- Author: Gargi

വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച വീഡിയോ ഗാനം
പുറത്തുവിട്ടു. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍
പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതാണ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു
സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രം സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ്
നിര്‍മ്മിക്കുന്നത്. നവംബര്‍ 25 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എഞ്ചിനീയറിംഗ്
കോളജ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ഇരുപത്തി നാല് പുതുമുഖങ്ങളാണുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/haya1-.jpg?resize
=1200%2C628&ssl=1)

‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ക്യാംപസ്
ത്രില്ലര്‍ ചിത്രമാണ് ഹയ. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ
കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഭരത്, ശംഭു മേനോന്‍, സോഷ്യല്‍
മീഡിയയിലൂടെ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരാണ് പ്രധാന
വേഷത്തിലെത്തുന്നത്. മാത്രമല്ല ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത്
മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍
തുടങ്ങിയവരും മറ്റ് വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ഹയ.

സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍,
സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര,
ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍, ബിനു സരിഗ,
വിഷ്ണു സുനില്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.
