# സഹപ്രവർത്തകനോടുള്ള ആദരം; ബാബുവിന്റെ മൃതദേഹം ചുമന്ന് നഗ്നപാദനായി വിജയ്

- Link: https://ml.b4blaze.com/film-news/chanthu-himself-should-be-the-one-to-say-it-madhav-suresh-on-the-bachelor-party-2-troll-2
- Published: 2026-11-21T16:33:38+05:30
- Author: Soorya S

അധികാരത്തിന്റെ പദവികളും പ്രോട്ടോക്കോളുകളും മാറ്റിവച്ച്, പ്രിയ സഹപ്രവർത്തകന് ഹൃദയം
തൊടുന്ന യാത്രയയപ്പ് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്തരിച്ച കൊളത്തൂർ
എംഎൽഎയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വി.എസ്. ബാബുവിന്റെ അന്ത്യയാത്രയിലാണ്
തമിഴകത്തെ വികാരഭരിതമാക്കിയ കാഴ്ചകൾ അരങ്ങേറിയത്. ചെരുപ്പു പോലും ധരിക്കാതെ, നഗ്നപാദനായി
മൃതദേഹം തോളിലേറ്റി നടന്ന മുഖ്യമന്ത്രിയുടെ ചിത്രം പ്രവർത്തകർക്കും നാട്ടുകാർക്കും 
കണ്ണീരോർമയായി.

വെള്ളിയാഴ്ച പെരമ്പൂരിലെ വസതിയിൽ നിന്നാണ് വി.എസ്. ബാബുവിന്റെ വിലാപയാത്ര ആരംഭിച്ചത്.
പാർട്ടി പതാക പുതപ്പിച്ച മൃതദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് എടുക്കുമ്പോൾ, മറ്റു പ്രവർത്തകർക്കൊപ്പം
മുഖ്യമന്ത്രിയും മുന്നോട്ടുവന്ന് മൃതദേഹം തോളിലേറ്റി.

തുടർന്ന് പൂക്കളാൽ അലങ്കരിച്ച വാഹനത്തിൽ മൃതദേഹം കയറ്റിയ ശേഷം, തിരു വി.ക. നഗറിലെ പല്ലവൻ
ശാലൈ ശ്മശാനം വരെയുള്ള ഏകദേശം 2.3 കിലോമീറ്റർ ദൂരം വിജയ് ചെരിപ്പിടാതെ വിലാപയാത്രയ്‌ക്കൊപ്പം
നടന്നു. ലക്ഷ്മി അമ്മൻ കോവിൽ സ്ട്രീറ്റ്, ഡോൺ ബോസ്കോ സ്കൂൾ വഴി കടന്നുപോയ യാത്രയിലുടനീളം
വികാരാധീനനായാണ് മുഖ്യമന്ത്രി കാണപ്പെട്ടത്. തങ്ങളുടെ പ്രിയ നേതാവിന്റെ ഈ സ്നേഹപ്രകടനം
കണ്ട് പ്രവർത്തകരും നാട്ടുകാരും വിതുമ്പി. മന്ത്രിമാരും ടിവികെ എംഎൽഎമാരും എംഡിഎംകെ
ജനറൽ സെക്രട്ടറി വൈക്കോയും അടക്കമുള്ള പ്രമുഖർ വിലാപയാത്രയിൽ പങ്കുചേർന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന
വി.എസ്. ബാബു വ്യാഴാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. വ്യാഴാഴ്ച തന്നെ
ബാബുവിന്റെ വസതിയിലെത്തിയ വിജയ് അന്ത്യാഞ്ജലി അർപ്പിക്കുകയും ഭാര്യയെയും മകൻ സതീഷിനെയും
ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ബാബുവിനോടുള്ള ആദരസൂചകമായി ടിവികെ
ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനെ 8,795 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വി.എസ്. ബാബു ചരിത്രം കുറിച്ചത്.
വടക്കൻ ചെന്നൈ രാഷ്ട്രീയത്തിൽ ‘പുരശൈ ബാബു’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സ്റ്റാലിന്റെ
തുടർച്ചയായ മൂന്ന് വിജയങ്ങൾക്കാണ് കൊളത്തൂരിൽ അന്ത്യം കുറിച്ചത്.