# ‘ചത്താ പച്ച’യിലെ ചെറിയാൻ മാണി: വിശാഖ് നായരുടെ കഠിന ട്രാൻസ്ഫോർമേഷൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

- Link: https://ml.b4blaze.com/film-news/cherian-mani-in-chatta-pacha-visakh-nairs-drastic-transformation-is-gaining-attention-on-social-media
- Published: 2026-01-27T15:22:03+05:30
- Author: Nandhu S

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ആക്ഷൻ–കോമഡി ചിത്രം ‘ചത്താ 
പച്ച: ദി റിംഗ് ഓഫ് റൗഡീസ്’യിലെ വിശാഖ് നായരുടെ വില്ലൻ വേഷം സിനിമാ പ്രേക്ഷകരുടെ ഇടയിൽ
ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ‘ചെറിയാൻ മാണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിശാഖ്,
ഈ വേഷത്തിനായി നടത്തിയ ശക്തമായ ശാരീരിക മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചിത്രത്തിന്റെ സ്ട്രെങ്ത് കോച്ചായ ഷമിൻ ഷക്കീർ, വിശാഖ് നായറുടെ ട്രാൻസ്ഫോർമേഷൻ ദൃശ്യങ്ങൾ
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് വിഷയം വ്യാപക ശ്രദ്ധ നേടിയത്. ചെറിയാൻ മാണിയായി
മാറാൻ ഏകദേശം ഒരു വർഷത്തോളം നീണ്ട കഠിന പരിശീലനമാണ് താരം പിന്തുടർന്നതെന്ന് ഷമിൻ വ്യക്തമാക്കുന്നു.
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ലക്ഷ്യബോധത്തോടെ പരിശീലനം തുടർന്ന വിശാഖിന്റെ സമർപ്പണം
അഭിനന്ദനാർഹമാണെന്നും അദ്ദേഹം കുറിച്ചു. വീഡിയോ എഡിറ്റിംഗിന് സഹായം നൽകിയ ജോബി, അഫ്സൽ
റഹ്മാൻ എന്നിവർക്കും ഷമിൻ നന്ദി അറിയിച്ചു.

>  
> View this post on Instagram
>  
> [A post shared by Shamin Shakkeer | Strength coach (@benchpressphysio)](https://www.instagram.com/reel/DUAXveOkkpW/?utm_source=ig_embed&utm_campaign=loading)

പരിശീലന കാലയളവിൽ കടുത്ത പുറംവേദന അനുഭവിച്ചിരുന്നുവെങ്കിലും അതിനെ അവഗണിച്ച് വിശാഖ്
തന്റെ തയ്യാറെടുപ്പുകൾ തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ ആത്മാർഥമായ ശ്രമമാണ്
കഥാപാത്രത്തിന് ആവശ്യമായ സ്വാഗും സ്റ്റൈലും നൽകാൻ സഹായകമായത്. സിനിമയിൽ വിശാഖ് അവതരിപ്പിച്ച
വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർ ‘ലൈക്കബിൾ’ എന്ന വിശേഷണത്തോടെ സ്വീകരിച്ചുവെന്ന വിലയിരുത്തലുകളും
ഉയരുന്നുണ്ട്.

2026 ജനുവരി 22ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനോടകം ഇരുപത് കോടി രൂപയ്ക്ക് മേൽ വരുമാനം നേടിയിട്ടുണ്ട്.
അദ്വൈത് നായർ സംവിധാനം ചെയ്ത സിനിമയിൽ അർജുൻ അശോകൻ, രോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവർ
പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഫോർട്ട് കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ ഡബ്ല്യുഡബ്ല്യുഇ
മാതൃകയിൽ ഒരു റെസ്‌ലിംഗ് ക്ലബ് ആരംഭിക്കുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് 
ചിത്രത്തിന്റെ പ്രമേയം.
