# ധനുഷിന്റെ പിറന്നാള്‍ ദിനത്തിന് ഇരട്ടിമധുരം..! പുതിയ വാര്‍ത്ത ആഘോഷമാക്കി ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/dhanush-birthday-and-new-movie-poster
- Published: 2022-07-28T12:11:28+05:30
- Author: Sreekumar

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ധനുഷിന് ഇന്ന് 39-ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍
ദിനം ആഘോഷമാക്കുന്ന ആരാധകര്‍ക്ക് ഇരട്ടിമധുരം ഏകുന്നതായിരുന്നു അദ്ദേഹം നായകനായി എത്തുന്ന
ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ധനുഷ് നായകനാകുന്ന പുതിയ സിനിമയ്ക്ക്
നാനെ വരുവേന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് ഈ സിനിമ
സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dhanush7.jpg?resize
=576%2C900&ssl=1)

മാത്രമല്ല.. സെല്‍വരാഘവനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തന്നെ പുറത്ത് വിട്ട പോസ്റ്റര്‍ ആരാധകര്‍ക്ക് ഈ ദിനം ആഘോഷമാക്കാനുള്ള
മറ്റൊരു കാരണം കൂടിയാണ്. ധനുഷിന് മുന്‍കൂറായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് സെല്‍വരാഘവന്‍
നാനേ വരുവേന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടത്.
ഇന്ദുജയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dhanush-77.jpg?resize
=598%2C567&ssl=1)

മേയാത മാന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇന്ദുജ. സ്‌പെഷ്യല്‍ ആയുള്ള
മനുഷ്യന് സ്‌പെഷ്യല്‍ ആയൊരു പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചാണ് സെല്‍വരാഘവന്‍ സിനിമയുടെ
പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ഈ ധനുഷ് ചിത്രത്തിന് വേണ്ടി
സംഗീതം ഒരുക്കുന്നത്. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

![Dhanush](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Dhanush.jpg?
resize=800%2C1200&ssl=1)

വി ക്രിയേഷന്‍സിന്റെ ബാനറില്‍, കലൈപ്പുലി എസ് താണുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ധനുഷിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നതിന് ഒപ്പം പുതിയ സിനിമയുടെ
പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, തമിഴകത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്
ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച വ്യക്തികൂടിയാണ് ധനുഷ്.
