# ദിലീപിന്റെ ‘ഭ.ഭ.ബ’ ; ആഗോള റിലീസ് ഡിസംബർ 18ന്

- Link: https://ml.b4blaze.com/film-news/dileeps-bha-bha-ba-to-release-globally-on-december-18th
- Published: 2025-10-28T11:17:29+05:30
- Author: Nayana

ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന _ഭ.ഭ.ബ_ എന്ന ചിത്രം 2025 ഡിസംബർ 18ന്
ആഗോളതലത്തിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും യുവ സംവിധായകൻ ധനഞ്ജയ് ശങ്കറിന്റേതാണ്. തിരക്കഥയെഴുതിയത്
താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ്.

ദിലീപിൻ്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വിന്റേജ് സ്റ്റൈലിൽ, അത്യന്തം സ്റ്റൈലിഷ് അവതരണത്തിലാണ്
ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കോ-
പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി
എന്നിവരാണ്.

“വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം, ഭക്തി,
ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായാണ് _ഭ.ഭ.ബ_ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.

വമ്പൻ തീയേറ്റർ അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ
പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചിത്രത്തിൽ അതിഥിതാരമായി
പ്രത്യക്ഷപ്പെടുന്നുണ്ട്.
