# സംവിധായിക വിധു വിന്‍സന്റിന്റെ അച്ഛന്‍ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/director-vidhu-vincent-father-passed-away
- Published: 2023-03-05T18:40:14+05:30
- Author: Gargi

സംവിധായിക വിധു വിന്‍സന്റിന്റെ അച്ഛന്‍ എംപി വിന്‍സന്റ് (81) അന്തരിച്ചു. ശ്വാസകോശ 
സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം നാളെ കൊല്ലത്ത്
നടക്കും. സോഷ്യല്‍ മീഡിയയിലൂടെ വിധു വിന്‍സന്റ് തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

![](https://i0.wp.com/s3.ap-southeast-1.wasabisys.com/ml.b4blaze.com/2022/01/vidhu-
vincent-1200-compressed.jpg?resize=1200%2C800&ssl=1)

**വിധുവിന്റെ പോസ്റ്റ്**

എന്റെ പപ്പാ M P വിന്‍സന്റ് (81) ഇന്നു പുലര്‍ച്ചെ ഞങ്ങളെ വിട്ടു പോയി. കുറച്ചധികം 
നാളായി ശ്വാസകോശ സംബന്ധമായ അസുഖങളാല്‍ ബുദ്ധിമുട്ടിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച (
08 – 03 – 2023 ) വൈകിട്ട് 3.30 ന് കൊല്ലത്ത് .
 എന്റെ എല്ലാ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും
പിന്തുണ പപ്പയായിരുന്നു. മാന്‍ ഹോള്‍ സിനിമയുടെ നിര്‍മ്മാണത്തില്‍ വരെ എത്തിയ വന്‍പിന്തുണ.
പെണ്‍ മക്കളെ വിവാഹം കഴിപ്പിച്ചയക്കാനും ചിലപ്പോ പഠിപ്പിക്കാനും കാശ് ചെലവാക്കാന്‍ 
മാതാപിതാക്കള്‍ തയ്യാറാവും .പക്ഷേ മകള് സിനിമ പിടിക്കാന്‍ പോണു എന്നു പറയുമ്പോ ഇതിരിക്കട്ടെ
എന്നു പറയുന്ന അച്ഛന്‍മാരെ / അമ്മമാരെ ഞാന്‍ കണ്ടിട്ട് തന്നെയില്ല. അങ്ങനെ പറയാനുള്ള
യാതൊരു സമ്പത്തുമില്ലാതിരുന്നിട്ടും പപ്പ അതു ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ
comradery യെ ഞാന്‍ തിരിച്ചറിഞ്ഞത്. അരിക് വല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ സിനിമക്ക്
കച്ചവട സാധ്യത ഇല്ലെന്നറിഞ്ഞിട്ടും പെന്‍ഷന്‍ കാശ് എടുത്തു തന്നു അദ്ദേഹം… ഒരു പാടൊന്നും
സംസാരിക്കില്ലെങ്കിലും അദ്ദേഹം തന്ന പണം കൊണ്ട് നിര്‍മ്മിച്ച സിനിമ സംസാരിച്ചു കൊള്ളുമെന്ന
ഒരു ദീര്‍ഘദര്‍ശനം പപ്പായ്ക്കുണ്ടായിരുന്നുവോ? എന്നെ ഞാനാക്കുന്ന ഓരോ ഘടകത്തിലും പപ്പയുടെ
സ്വാധീനം അത്രമേല്‍ ഉണ്ടെന്നത് ഞാന്‍ വൈകി മാത്രം തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. ചിന്തകളില്‍,
എഴുത്തില്‍, വായനയില്‍ ഒക്കെ പപ്പാ വലിയൊരു സ്വാധീനമായിരുന്നു. വാടക വീടുകളിലെ ഞെരുക്കങ്ങള്‍ക്കിടയിലും
തവണ വ്യവസ്ഥയില്‍ പ്രഭാത് ബുക്ക് ഹൗസില്‍ നിന്ന് റഷ്യന്‍ കഥാ പുസ്തകങ്ങള്‍ കൃത്യമായി
വാങ്ങി കുട്ടികളായ ഞങള്‍ക്ക് തരുന്ന കാര്യത്തില്‍ ഒരു മുടക്കവും വരുത്താതിരുന്ന വിന്‍സന്റ്
മാഷ് .. ചുക്കും ഗെക്കുമായി വേഷം മാറി കളിച്ചിരുന്ന സഹോദരനും ഞാനും , ചിലപ്പോ തീപ്പക്ഷി
യിലെ ഇവാന്‍ രാജകുമാരനും തവള രാജകുമാരിയുമായി , മറ്റ് ചിലപ്പോ ചെക്കോവ്‌ന്റെ വാന്‍കയായി..
കളി കാര്യമായി അടി പിടിയാകുന്നതോടെ പപ്പ ബാബയാഗ മന്ത്രവാദിയായി ചൂരല്‍ വടിയുമായെത്തും.
പപ്പാ..എനിക്കും വിനുവിനും വീണ്ടും ചുക്കും ഗെക്കുമാകണം … അച്ഛനെ കാണാന്‍ കൊതിച്ച് 
സൈബീരിയന്‍ മഞ്ഞ് കാടുകളില്‍ അച്ഛനെ തിരഞ്ഞു പോയ ആ കുട്ടികളെ പോലെ …..
