# “കഴുത ബുദ്ധിയില്ലാത്ത ജീവിയല്ല, വിവരക്കേട് പറയുന്നവരാണ് യഥാർത്ഥ വിവരദോഷികൾ”; സൈബർ പരിഹാസത്തിന് ചുട്ടമറുപടിയുമായി മീനാക്ഷി അനൂപ്

- Link: https://ml.b4blaze.com/film-news/donkeys-are-not-stupid-creatures-the-real-misinformers-are-those-who-spread-misinformation-meenakshi-anoop-responds-to-cyber-taunts
- Published: 2026-03-08T14:24:49+05:30
- Author: Soorya S

ബാലതാരമായും അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി
അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകൾക്കും അഭിപ്രായങ്ങൾക്കും
വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ അടുത്തിടെ താരം പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ‘
നീ കഴുതയാണ്’ എന്ന് കമന്റ് ചെയ്ത വ്യക്തിക്ക് ശാസ്ത്രീയമായ വസ്തുതകൾ നിരത്തി മീനാക്ഷി
നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കഴുത ഒരു ബുദ്ധിയില്ലാത്ത ജീവിയാണെന്നത് വെറും കേട്ടുകേൾവി മാത്രമാണെന്നും ശാസ്ത്രീയമായി
നോക്കിയാൽ ഉയർന്ന ബുദ്ധിശക്തിയുള്ള മൃഗമാണ് അതെന്നും മീനാക്ഷി കുറിച്ചു. ഒരു കാര്യം
ചെയ്യാൻ കഴുതയ്ക്ക് അത് ശരിയാണെന്ന് തോന്നണമെന്നും ആരെങ്കിലും പറയുന്നത് അതേപടി അനുസരിക്കാത്തതാണ്
പലരും അത് ബുദ്ധിയില്ലാത്തത് കൊണ്ടാണെന്ന് കരുതാൻ കാരണമെന്നും താരം വ്യക്തമാക്കി. കേട്ടുകേൾവിയുടെ
അടിസ്ഥാനത്തിൽ തന്നെ പരിഹസിക്കുന്നവരാണ് യഥാർത്ഥ വിവരദോഷികളെന്നും ശാസ്ത്രീയമായ അറിവുകളുടെ
അടിസ്ഥാനത്തിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി മറുപടി നൽകി.

സൈബർ ആക്രമണങ്ങളെ ഭയപ്പെടാതെ നേരിടുന്ന മീനാക്ഷിയുടെ നിലപാടിനെ ആരാധകർ പ്രശംസിക്കുന്നുണ്ട്.
മുൻപ് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി
നിയമപരമായി പോരാടിയ കാര്യവും താരം അഭിമുഖത്തിൽ പങ്കുവെച്ചു. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ
തളർന്നുപോകാതെ നിയമവ്യവസ്ഥയെ വിശ്വസിച്ച് മുന്നോട്ട് വരണമെന്നാണ് മീനാക്ഷിയുടെ പക്ഷം.
