# തമിഴ്നാടും കേരളവും കീഴടക്കി ഡി.എസ്.പി ഇമ്പരാജ്; മൂന്നാം ദിനം 135 കോടി, ബോക്സ് ഓഫീസിൽ കുതിച്ച് ‘സീൻ’

- Link: https://ml.b4blaze.com/film-news/dsp-imbaraj-conquers-tamil-nadu-and-kerala-scene-surges-at-the-box-office-raking-in-135-crores-by-the-third-day
- Published: 2026-11-09T12:03:30+05:30
- Author: Sana Fathima

ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടർന്ന് സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത
തമിഴ് ചിത്രം ‘സീൻ’. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 135 കോടി
രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാടിനൊപ്പം കേരളത്തിലും മികച്ച
പ്രതികരണം നേടുന്ന ചിത്രം സൂര്യയുടെയും ജിത്തു മാധവന്റെയും കരിയറിലെ മറ്റൊരു വിജയമായി
മാറുകയാണ്.

തമിഴ്നാട്ടിലാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. ഇവിടെ നിന്ന് മാത്രം 
24.30 കോടി രൂപയാണ് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ‘സീൻ’ 
കാഴ്ചവെക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് കേരളത്തിൽ നിന്നുള്ള കളക്ഷൻ. തെലങ്കാനയിൽ
നിന്ന് 4.78 കോടിയും ആന്ധ്രപ്രദേശിൽ നിന്ന് 3.90 കോടിയും ചിത്രം സ്വന്തമാക്കി. കർണാടകയിൽ
നിന്ന് നാലര കോടി രൂപയോളം ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ആകെ കളക്ഷൻ 50 കോടി രൂപയോടടുക്കുമ്പോൾ
വിദേശ വിപണികളിലും ചിത്രം മികച്ച മുന്നേറ്റം നടത്തുകയാണ്.

ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സ്റ്റൈലിഷ്
മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നർമം നിറഞ്ഞ മുഹൂർത്തങ്ങളും സസ്പെൻസും
ചേർന്ന പക്കാ എന്റർടെയ്നറെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ആക്ഷനും കോമഡിയും ഒരുപോലെ
കോർത്തിണക്കിയ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

മലയാളി താരം നസ്ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീമും
പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിലെ
താരനിരയിലുണ്ട്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു
മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് സിനിമയാണ് ‘സീൻ’. ഇതോടെ സംവിധായകന്റെ മൂന്നാമത്തെ
ചിത്രവും വിജയവഴിയിലാണെന്ന വിലയിരുത്തലിലാണ് ആരാധകർ.

ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ
പ്രത്യേകതയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ കൂടിയാണിത്. മികച്ച
പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് മുന്നേറ്റവും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും
ചിത്രം കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.
