# ആന്‍ അഗസ്റ്റിനും വിജയ് ബാബുവും ഒന്നിക്കുന്നു!!!

- Link: https://ml.b4blaze.com/film-news/enkilum-chandrike-movie-vijaybabu-and-ann-augustine-together
- Published: 2022-11-15T20:33:09+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരം ആന്‍ അഗസ്റ്റിനും നിര്‍മ്മാതാവ് വിജയ് ബാബുവും
 ഒരുമിക്കുന്നു.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ
സഹനിര്‍മ്മാതാവായിരിക്കുകയാണ് ആന്‍. ആന്‍ അഗസ്റ്റിനും വിവേക് തോമസും ചേര്‍ന്നുള്ള മിരാമര്‍
ഫിലിംസ് ആണ് സിനിമയുടെ സഹനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. എങ്കിലും ചന്ദ്രികേ… 
ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ 19ാമത്തെ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. പത്തൊമ്പതു സിനിമകളില്‍
പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധായകരായത്. ‘എങ്കിലും ചന്ദ്രികേ…’യും പുതുമുഖ
സംവിധായകന്റെ ചിത്രമാണ്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരനാണ് ചിത്രത്തിന്റെ സംവിധാനം.
വന്‍ വിജയം നേടിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ
നേടിയ നടന്‍ കൂടിയാണ് ആദിത്യന്‍ ചന്ദ്രശേഖരന്‍.
  ആദിത്യന്‍ ചന്ദ്രശേഖരന്‍ ‘ആവറേജ് 
അമ്പിളി’ എന്ന വെബ് സീരീസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരുന്നു. ‘സെബാസ്റ്റ്യന്റെ
വെള്ളിയാഴ്ച്ച’ എന്ന സീരിയലിനും തിരക്കഥ രചിക്കുകയും അതില്‍ ശ്രദ്ധേയമായ ഒരു വേഷവും
ആദിത്യന്‍ ചെയ്തിരുന്നു.

എങ്കിലും ചന്ദ്രികേ…യിലൂടെയാണ് ആദിത്യന്‍ മെയിന്‍ സ്‌ക്രീനിലേക്ക് എത്തുന്നത്.
 പയ്യന്നൂരിലും
പരിസരങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഉത്തര മലബാറിന്റെ ഗ്രാമീണ
പശ്ചാത്തലത്തില്‍ നടക്കുന്ന വിവാഹമാണ് ഇതിവൃത്തം. ഈ സാഹചര്യത്തിലെ മൂന്നു സുഹൃത്തുക്കളുടെ
കഥ തികച്ചും രസകരമായി പറയുകയാണ് ഈ ചിത്രം.  ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ
ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ മലയാളസിനിമയിലേക്കെത്തിയത്. വിവാഹ ശേഷം 
അഭിനയത്തില്‍ നിന്ന് വിട്ട് നിന്നിരുന്ന ആന്‍ അഗസ്റ്റിന്‍, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാണത്തിലേക്കും
ചുവടുവയ്ക്കുന്നതോടെ ആന്‍ പിതാവിനെപ്പോലെ ചലച്ചിത്ര നിര്‍മ്മാണത്തിലും സാന്നിധ്യമറിയിക്കുകയാണ്.
