# ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസി’ലെ ആദ്യ ഗാനം പുറത്ത്; ‘ആഗോള ശൃംഖല’ ശ്രദ്ധ നേടുന്നു

- Link: https://ml.b4blaze.com/film-news/first-song-from-the-jayasurya-vinayakan-film-titans-released-aagola-shrinkhala-is-gaining-attention
- Published: 2026-10-10T11:55:39+05:30
- Author: Sana Fathima

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസി’ലെ ആദ്യ വീഡിയോ 
ഗാനം പുറത്തിറങ്ങി. ‘ആഗോള ശൃംഖല’ എന്നു പേരിട്ടിരിക്കുന്ന ഗാനം വൈക്കം വിജയലക്ഷ്മിയും
സന്നിധാനന്ദനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം നൽകിയ ഗാനത്തിന്
വരികൾ ഒരുക്കിയിരിക്കുന്നത് മുത്തുവാണ്. ‘എബ്രഹാം ഓസ്ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്
ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ടൈറ്റൻസ്’.

ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ്
ചിത്രത്തിലെ പ്രധാന താരങ്ങൾ. കോമഡി, ത്രില്ലർ, ഫാന്റസി എന്നീ ഘടകങ്ങൾ സമന്വയിപ്പിച്ചൊരുക്കുന്ന
ചിത്രം ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും
നേരത്തെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഗാനത്തിന്റെ റിലീസോടെ സിനിമയുടെ സംഗീതവും പ്രേക്ഷകർക്കിടയിൽ
ചർച്ചയാകുകയാണ്.

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ്
എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 മാജിക് ഫ്രെയിംസാണ്
കേരളത്തിലെ വിതരണച്ചുമതല നിർവഹിക്കുന്നത്. വിദേശ വിതരണാവകാശം ഫാർസ് ഫിലിംസിനാണ്. ചിത്രത്തിന്റെ
ഓഡിയോ, മ്യൂസിക് അവകാശങ്ങൾ 123 മ്യൂസിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
