# കല്ലുവും അച്ഛനും വീണ്ടും എത്തുന്നു!! ‘ഗു’ റിലീസ് തീയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/gu-movie-release-date
- Published: 2024-04-23T17:40:50+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബാലതാരമാണ്
ദേവനന്ദ. കല്ലു എന്ന കഥാപാത്രമായിട്ടാണ് ദേവനന്ദ ചിത്രത്തിലെത്തിയത്. അയപ്പഭക്തയായ 
കല്ലുവിന്റെ ശബരിമല യാത്രയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ സൈജു കുറിപ്പിന്റെ
മകളായിരുന്നു കല്ലു.
  ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സൈജുവും ദേവനന്ദയും 
പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം പ്രഖ്യാപിച്ചിരുന്നു. ‘ഗു’ എന്ന ചിത്രത്തിലൂടെ വീണ്ടും
അച്ഛനും മകളുമായി എത്തുകയാണ് ഇരുവരും. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്
അണിയറപ്രവര്‍ത്തകര്‍. മെയ് 17-ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തിന്റെ റിലീസ് പോസ്റ്ററും എത്തിയിട്ടുണ്ട്. ഗുളികന്‍ തെയ്യത്തെ കണ്ട് ഭയന്ന്
അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുന്ന ദേവനന്ദയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. മുത്തശ്ശനും
മുത്തശ്ശിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന മിന്ന എന്ന പെണ്‍കുട്ടിയായിട്ടാണ്
ദേവനന്ദയുടെ കഥാപാത്രം.
  ഫാന്റസി ഹൊറര്‍ ചിത്രമാണ് ‘ഗു’. കൗതുകവും ദുരൂഹതയും നിറയുന്ന
പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്.ചിത്രം സംവിധാനം ചെയ്യുന്നത് 
നവാഗതനായ മനു രാധാകൃഷ്ണനാണ്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍
പിള്ള രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.
