# ‘ആളുകൾ ഇത്രയധികം അധഃപതിച്ചോ? ജീവിതത്തിൽ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല’; തുറന്ന് പറഞ്ഞ് ജി വി പ്രകാശ്

- Link: https://ml.b4blaze.com/film-news/gv-prakash-and-saindhavi-hit-back-at-media-spreading-false-stories
- Published: 2024-05-16T20:34:01+05:30
- Author: Ajay

ഗായിക സൈന്ധവിയുമായി വേർപിരിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും നടനുമായ
ജി വി പ്രകാശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൈന്ധവിയും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ
അറിയിച്ചിരുന്നു. പിന്നാലെ പല തരത്തിലുള്ള പ്രചാരണങ്ങളും ഇരുവരുടെയും വേർപിരിയലുമായി
ബന്ധപ്പെട്ട് ഉണ്ടായി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുയാണ് അദ്ദേഹം.

സംഭവങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ രണ്ട് വ്യക്തികളുടെ മനസ് വേദനിപ്പിക്കുന്ന
തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണെന്ന് ജി വി
പ്രകാശ് പറഞ്ഞു. ‘സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറുന്നത്
അംഗീകരിക്കാനാകില്ല. ആളുകൾ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകൾ രണ്ട് വ്യക്തികളുടെ
മനസിനെ ബാധിക്കുമെന്ന് ചിന്തിക്കാത്തതെന്താ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക.’ 
ജിവി പ്രകാശ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/gv-jpg.webp?resize
=1200%2C628&ssl=1)

‘നീണ്ട ആലോചനകൾക്കൊടുവിൽ, സൈന്ധവിയും ഞാനും ചേർന്ന് 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ
തീരുമാനിച്ചു. പരസ്പര ബഹുമാനത്തെ മാനിച്ച്, ഞങ്ങളുടെ മനസമാധാനവും മുന്നോട്ടുള്ള ജീവിതവും
ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യത മാനസിലാക്കുകയും
ബഹുമാനിക്കുകയും ചെയ്യണമെന്ന് മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ 
അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഈ വേർപിരിയൽ. 
പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.’ എന്നിങ്ങനെയാണ് വേർപിരിയലിനെ
കുറിച്ച് ജിവി പ്രകാശ് പറഞ്ഞത്.
