# ‘ഞാനൊരു പഞ്ചിങ് ബാഗായിരുന്നു, മഞ്ജു പിള്ളയുടെ മകളാണെന്നൊന്നും ആരും നോക്കിയിട്ടില്ല’; സ്കൂൾകാലത്തെ ബുള്ളിയിങ്ങിനെക്കുറിച്ച് ദയ സുജിത്ത്

- Link: https://ml.b4blaze.com/film-news/i-was-a-punching-bag-no-one-cared-that-i-was-manju-pillais-daughter-daya-sujith-on-being-bullied-during-her-school-days
- Published: 2026-11-04T12:07:32+05:30
- Author: Soorya S

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകളായ ദയ സുജിത്ത് തന്റെ
സ്കൂൾകാലത്ത് നേരിടേണ്ടിവന്ന പരിഹാസങ്ങളെയും ബുള്ളിയിങ്ങിനെയും കുറിച്ച് തുറന്നുപറഞ്ഞു.
കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച്
ദയ മനസ്സ് തുറന്നത്. പ്രശസ്തയായ നടിയുടെ മകളാണെന്ന പരിഗണനയൊന്നും കുട്ടിക്കാലത്ത് സഹപാഠികളിൽ
നിന്ന് ലഭിച്ചിരുന്നില്ലെന്നും താൻ ഒരു ‘പഞ്ചിങ് ബാഗ്’ പോലെയായിരുന്നു ജീവിച്ചിരുന്നതെന്നും
താരം പറയുന്നു.

എട്ടാം ക്ലാസ് വരെ ശരീരഭാരം കൂടുതലായിരുന്ന തന്നെ രൂപത്തിന്റെ പേരിൽ പലരും കളിയാക്കുമായിരുന്നുവെന്ന്
ദയ വെളിപ്പെടുത്തുന്നു. കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ ചൂണ്ടിക്കാട്ടി ‘പാണ്ട’
എന്ന് വിളിച്ചും വണ്ണത്തിന്റെ പേരിൽ പരിഹസിച്ചും ക്ലാസിലെ കുട്ടികൾ പോലും തന്നെ നിരന്തരം
ഉപദ്രവിച്ചിരുന്നു. ആ സമയത്ത് താനത് സ്വന്തം കുറ്റമായി കണ്ട് സഹിക്കുകയായിരുന്നുവെന്നും,
എന്നാൽ ഇന്നത്തെ പക്വത തനിക്കുണ്ടായിരുന്നെങ്കിൽ അന്ന് ശക്തമായി തിരിച്ചടിച്ചേനെ എന്നും
ദയ കൂട്ടിച്ചേർത്തു.
