# ഭര്‍ത്താവും യുവതികളുമടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാം താരത്തെ തള്ളിയിട്ട് കൊന്നു

- Link: https://ml.b4blaze.com/film-news/instagram-influencer-ritika-singh-killed
- Published: 2022-06-25T16:35:47+05:30
- Author: Gargi

ഇന്‍സ്റ്റഗ്രാം താരത്തെ ഭര്‍ത്താവും സംഘങ്ങളും കൂടെ കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ
റിതിക സിങ്ങി(30) നെയാണ് നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/rithika-singh.jpg?
resize=720%2C405&ssl=1)

വെള്ളിയാഴ്ചയാണ് സംഭവം. റിതികയും സുഹൃത്തായ വിപുല്‍ അഗര്‍വാളും താമസിക്കുന്ന ആഗ്രയിലെ
ഓംശ്രീ അപ്പാര്‍ട്ട്മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ
റിതിക കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തിനൊപ്പമാണ് താമസം. രണ്ടു മാസം മുമ്പാണ് ഇരുവരും
ആഗ്രയിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച റിതികയുടെ ഭര്‍ത്താവ് ആകാശും രണ്ട്
യുവതികളും അടക്കം അഞ്ചംഗസംഘം റിതികയുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ച പ്രതികള്‍ രണ്ടു പേരുടെയും കൈകള്‍ കെട്ടിയിട്ടു. വിപുലിനെ
കുളിമുറിയില്‍ പൂട്ടിയിട്ടു. പിന്നാലെ കൈകള്‍ കെട്ടിയ റിതികയെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍
നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/rithika-singh-1.
jpg?resize=800%2C450&ssl=1)

വിപുല്‍ കുളിമുറിയില്‍ നിന്ന ബഹളം വെച്ചതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന്
അയല്‍ക്കാര്‍ ഫ്ളാറ്റിലേക്ക് ഓടിയെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
രണ്ടു പേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും യുവതികളെയും ആകാശിനെയും നാട്ടുകാര്‍
പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്.
