# എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വാസം രമയ്ക്ക് ആയിരുന്നു… ആ വേഷം കിട്ടിയപ്പോള്‍ അത് കാണാന്‍ അവളില്ല!! വികാരാധീനനായി ജഗദീഷ്

- Link: https://ml.b4blaze.com/film-news/jagadheesh-about-wife-rama-wish
- Published: 2023-04-02T17:28:54+05:30
- Author: Anu

മലയാള സിനിമാ ലോകത്ത് ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയുടെത്.
അപ്രതീക്ഷിതമായിട്ടാണ് ചികിത്സയിലിരിക്കെ രമ വിട പറഞ്ഞത്. ഒരു താരത്തിന്റെ പത്‌നിയുടെ
ജീവിതമായിരുന്നില്ല രമയുടേത്. തീര്‍ത്തും തന്റെ ഔദ്യോഗിക ജോലിയില്‍ പൂര്‍ണമായും മുഴുകിയിരുന്നു.

സ്വന്തം കഴിവിലൂടെ തന്നെ രമ അറിയപ്പെട്ടു. സംസ്ഥാനം കണ്ട ഏറ്റവും മികച്ച ഫോറന്‍സിക്
സര്‍ജനുകളില്‍ ഒരാളായിരുന്നു രമ. പല നിര്‍ണായക കേസുകളും തെളിഞ്ഞത് രമയുടെ കണ്ടെത്തലുകളിലൂടെയാണ്.
പാര്‍ക്കിസണ്‍സ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രമ ലോകത്തോട് വിടപറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മെയിലാണ് രമ അന്തരിച്ചത്.

പലപ്പോഴും പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് ജഗദീഷ് വാചാലനാകാറുണ്ട്.
 തന്റെ രണ്ടു
പെണ്‍മക്കളും ഡോക്ടര്‍മാരായതിന്റെ പൂര്‍ണ്ണ ക്രെഡിറ്റും രമയ്ക്ക് മാത്രമാണെന്നും താരം
പറയാറുണ്ട്.  ഇപ്പോഴിതാ വീണ്ടും ഭാര്യയുടെ ഓര്‍മ്മകളിലാണ് ജഗദീഷ്. തന്റെ കരിയറിലെ മികച്ച
വേഷം കാണാന്‍ രമ ഇല്ല എന്ന വിഷമമാണ് താരം പങ്കുവച്ചത്.

താന്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നയാളാണ് രമ. എന്നാല്‍ അത്തരം
കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ല. തന്റെ കഴിവില്‍ തന്നെക്കാള്‍ വിശ്വാസം
ഭാര്യയ്ക്ക് ആയിരുന്നെന്നും താരം പറഞ്ഞു.

ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.
എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍
ഉറപ്പായും തേടി വരും എന്നവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു.
  സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ
ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മക്കളുടെ കല്യാണത്തിന് അതിഥികള്‍ 
വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരെയും സിനിമാക്കറെയും സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍
രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാന്‍ 
ആണ് മുന്നില്‍ നിന്നിരുന്നതെന്നും ജഗദീഷ് പറഞ്ഞു.

കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന ചിത്രമാണ് ജഗദീഷിന്റേതായി തിയ്യേറ്ററിലെത്തിയ
പുതിയ ചിത്രം. ചിത്രത്തില്‍ ശ്രദ്ധേയനായ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തിയത്.

ഒടിടി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ ജഗദീഷ്,
പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍ 
ആണ് നായികയാവുന്നത. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിന്‍സ്
ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത്
ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍ എന്നിവരും മറ്റ് പ്രധാന
വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
