# ജയിലർ 2-ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര? ഷാരൂഖും മോഹൻലാലും രജനിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

- Link: https://ml.b4blaze.com/film-news/jailer-2-to-feature-big-names-from-indian-cinema-report-says-shah-rukh-mohanlal-and-rajinikanth-to-team-up
- Published: 2026-03-05T12:53:51+05:30
- Author: Soorya S

നെൽസൺ ദിലീപ്കുമാർ – രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ജയിലർ 2’-നെക്കുറിച്ചുള്ള
ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം
മുത്തുവേൽ പാണ്ഡ്യനായി രജനി വീണ്ടുമെത്തുമ്പോൾ, ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ
താരങ്ങളായ മോഹൻലാലും ഷാരൂഖ് ഖാനും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആദ്യ ഭാഗത്തിൽ
മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ജിഷാദ് ഷംസുദ്ധീൻ പങ്കുവെച്ച ഒരു എഐ ചിത്രം
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

രജനികാന്ത്, മോഹൻലാൽ, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ എന്നിവർ ഒരുമിച്ചുള്ള ഒരു ചിത്രമാണ്
ജിഷാദ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഇതോടെ മുത്തുവേൽ പാണ്ഡ്യനൊപ്പം
മാത്യുവും വരാനിരിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തുമെന്ന് ആരാധകർ
ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
ആദ്യ ഭാഗത്തിലെ വില്ലനായി എത്തിയ വിനായകനും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് താരം തന്നെ
നേരത്തെ സൂചന നൽകിയിരുന്നു.

ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ
തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നിർവഹിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 600 
കോടിയിലധികം രൂപ നേടിയതിനാൽ, രണ്ടാം ഭാഗം തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ്
നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
