# ജാനകി ജാനേ ഇന്ന് അര്‍ധരാത്രിമുതല്‍ ഒടിടിയില്‍; എവിടെ കാണാം?

- Link: https://ml.b4blaze.com/film-news/janaki-jane-ott-release
- Published: 2023-07-10T20:42:45+05:30
- Author: Gargi

സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷത്തിലെത്തിയ ‘ജാനകി ജാനേ’ എന്ന ചിത്രം ഇന്ന് 
അര്‍ധരാത്രി മുതല്‍ ഒടിടിയിലെത്തുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍
റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിച്ച‘
ജാനകി ജാനെ’ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/janaki-jane1.jpeg?
resize=960%2C1200&ssl=1)

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം
പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും
വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു
കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു.

വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ
മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ
മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/janaki-jane-2-.jpg?
resize=1200%2C628&ssl=1)

സൈജു, നവ്യ നായര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം ഷറഫുദ്ദീന്‍, ജോണി ആന്റണി,
കോട്ടയം നസീര്‍, അനാര്‍ക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ്ജ്
കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍
എന്നിവരും ചിത്രത്തിലുണ്ട്.

പി.വി. ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറില്‍ ഷെനുഗ, ഷെഗ്‌ന,
ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത് . മനു അശോകന്‍ സംവിധാനം ചെയ്ത
ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണിത്.
