# അച്ഛന്റെ വഴി തന്നെ മകൾ; ‘ദൃശ്യം’ പോലെ ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രവുമായി ജീത്തു ജോസഫിന്റെ മകൾ

- Link: https://ml.b4blaze.com/film-news/jeethu-josephs-daughter-short-film
- Published: 2024-01-10T12:11:09+05:30
- Author: Ajay

ദൃശ്യവും മെമ്മറീസും അടക്കം ത്രില്ലർ ചിത്രങ്ങളിലൂടെ ഞെ‌ട്ടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ
മകൾ കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു. എസ്തർ
അനിലും അഞ്ജലി നായരുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കുട്ടി സ്റ്റോറീസ് എന്ന 
യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അച്ഛന്റെ വഴിയെ തന്നെയാണ് മകളുടെയും
യാത്രയെന്നാണ് കാത്തിയുടെ ‘ഫോർ ആലീസ്’ കണ്ട പ്രേക്ഷകർ കുറിക്കുന്നത്.

ആലീസ് എന്ന പെൺകുട്ടിയും അവളുടെ കാമുകനും അമ്മയുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ഒരു ദിവസം വീട്ടിൽ തനിച്ചാകുന്ന ആലീസ് നേരിടുന്ന വിചിത്രമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.
ഭീതി ജനിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇരുളിൽ നിന്ന് ആരെങ്കിലും ചാടി വീഴും എന്ന് ഓരോ
നിമിഷവും തോന്നിക്കുന്ന ചിത്രം കാണുന്ന പ്രേക്ഷകരിൽ ഭയം ഉണ്ടാക്കും. ചിത്രത്തിന്റെ 
ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്. സംഗീതം വിഷ്ണു ദാസ് ആണ്
ഒരുക്കിയിരിക്കുന്നത്. അഞ്ജലി നായർക്കും എസ്തർ അനിലിനും പുറമെ അർഷാദ് ബിൻ അൽതാഫും ചിത്രത്തിൽ
അഭിനയിച്ചിരിക്കുന്നു.
