# ഗര്‍ഭിണി അല്ലെന്ന് കരീന ; വയര്‍ നിറഞ്ഞത് വൈനും പാസ്തയും കഴിച്ച്‌

- Link: https://ml.b4blaze.com/film-news/kareena-kapoor-pregrancy-news
- Published: 2023-09-06T14:18:21+05:30
- Author: Revathy

ബോളിവുഡിലെ നിറപ്പകിട്ടിലാണ് കരീന കപൂര്‍ അന്നും ഇന്നും ജീവിക്കുന്നത്. രണ്‍ധീര്‍ കപൂറിന്റെയും
ബബിതയുടെയും മകളായി 1980 സെപ്റ്റംബര്‍ 21ന്  ജനിച്ചു. താരകുടുംബത്തില്‍ പിറന്ന കരീനയ്ക്ക്
സിനിമാ രംഗത്ത് മികച്ച തുടക്കമാണ് ലഭിച്ചത്. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി ആണ് കരീന
കപൂറിന്റെ  ആദ്യ സിനിമ. ജെ.പി ദത്തയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിൽ
കരീനാ കപൂറും  അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല.
കരീനാ കപൂറിന്റെ  ആദ്യ വിജയ ചിത്രം തുഷാര്‍ കപൂര്‍ നായകനായി അഭിനയിച്ച മുജേ കുച്ച് 
കഹനാ ഹൈയാണ്. പിന്നീട് അഭിനയിച്ച കഭി ഖുശി കഭി ഖം എന്ന ചിത്രത്തിലെ അഭിനയം കരീനാ കപൂറിനെ
ചലച്ചിത്ര രംഗത്ത് പ്രശസ്തയാക്കി. എന്നാല്‍ തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങള്‍ വേണ്ടത്ര
ശ്രദ്ധിക്കപെട്ടിരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 2004ല്‍ ചമേലി എന്ന ചിത്രത്തില്‍
അഭിനയിച്ചു. ഇതില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക. ഈ ചിത്രത്തിലൂടെ
മികച്ച അഭിനയത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. കരിയറിന്റെ തുടക്കത്തിൽ അഭിനയ
പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് അന്ന് കരീന താല്‍പര്യപ്പെട്ടത്. എന്നാല്‍ പിന്നീട്
സിനിമാ രംഗത്തെ മാര്‍ക്കറ്റ് മൂല്യങ്ങളെക്കുറിച്ച്‌ മനസിലാക്കിയ കരീന സൂപ്പര്‍സ്റ്റാര്‍
സിനിമകള്‍ മാത്രം തെരഞ്ഞെടുത്തു വന്നു. എ ലിസ്റ്റ് നടൻമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ
എന്ന പോളിസിയും അക്കാലത്ത് കരീന കപൂർ മുന്നോട്ട് വെയ്ക്കുകയായിരുന്നു. കരിയറിന്റെ ഏറ്റവും
മികച്ച സമയത്ത് നില്‍ക്കവെയാണ് കരീന കപൂർ വിവാഹിതയാകുന്നത്. 2012 ലാണ് കരീന കപൂറും 
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. കുടുംബ ജീവിതവും കരിയറും ഒരുപോലെ 
മുന്നോട്ട് കൊണ്ട് പോകുകയാണ് താരം ഇപ്പോള്‍. തൈമൂര്‍ അലി ഖാൻ, ജഹാംഗീര്‍ അലി ഖാൻ എന്നീ
രണ്ട് ആൺ മക്കളാണ് കരീന കപൂറിനും സെയ്ഫ് അലിഖാനും പിറന്നത്.2021 ലാണ് ഇളയ മകൻ ജെഹാംഗീര്‍
ജനിക്കുന്നത്. അമ്മയായ ശേഷവും കരിയറില്‍ ശ്രദ്ധേയ സാന്നിധ്യമായി തുടരാൻ കരീന കപൂറിന്
കഴിഞ്ഞു. ഇപ്പോഴിതാ കരീനയെക്കുറിച്ചുള്ള പുതിയൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ 
നടക്കുന്നത്. താരം മൂന്നാമതും ഗര്‍ഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം 
ഒരു ഇവന്റിനെത്തിയ കരീനയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ വന്നത്.നടിയുടെ
വയര്‍ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍
ഈ വാദങ്ങള്‍ തള്ളിയും അഭിപ്രായങ്ങള്‍ വന്നു. പ്രസവ ശേഷമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌
അറിയാത്തവരാണ് ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. രണ്ട് 
പ്രസവങ്ങള്‍ക്ക് ശേഷം കരീനയ്ക്ക് ശരീര ഭാരം കൂടിയിട്ടുണ്ട്. ഒരു കാലത്ത് സൈസ് സീറോ 
തരംഗത്തിന് തുടക്കം കുറിച്ച നടിയാണ് കരീന കപൂര്‍. അതിനാല്‍ തന്നെ നടിക്ക് അമ്മയായ ശേഷം
വന്ന മാറ്റങ്ങള്‍ ഏവരും എടുത്ത് പറയാറുണ്ട്. നേരത്തെ കരീന കപൂർ ഗര്‍ഭിണിയാണെന്ന വാര്‍ത്ത
പ്രചരിച്ചപ്പോള്‍ നടി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരുന്നു. 
വൈനും പാസ്തയും കഴിച്ച്‌ തന്റെ വയര്‍ നിറഞ്ഞതാണെന്നും ഗര്‍ഭിണി അല്ലെന്നും കരീന കപൂർ
വ്യക്തമാക്കിയിരുന്നു. ജനസംഖ്യയിലേക്ക് ഇപ്പോള്‍ തന്നെ ഒരുപാട് സംഭാവനകള്‍ ചെയ്തെന്നാണ്
ഭര്‍ത്താവ് സെയ്ഫ് അലി ഖാൻ പറയുന്നതെന്നും നടി തമാശയോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആദ്യ വിവാഹ ബന്ധത്തിലെ രണ്ട് മക്കള്‍ ഉള്‍പ്പെടെ നാല് മക്കള്‍ ഇപ്പോള്‍ സെയ്ഫ് അലി 
ഖാനുണ്ട്.

സെയ്ഫ് അലി ഖാനുമായുള്ള കരീനാ കപൂറിന്റെ വിവാഹം അക്കാലത്ത് ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു.
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹം ചെയ്യുന്നത് താരമൂല്യത്തെ ബാധിക്കുമെന്ന്
പലരും ഉപദേശിച്ചെങ്കിലും കരീന കപൂർ ഇതൊന്നും ഗൗനിച്ചില്ല. വിവാഹം കഴിഞ്ഞാല്‍ കരിയര്‍
അവസാനിച്ചു എന്ന പതിവ് രീതിക്ക് നടി മാറ്റം വരുത്തുകയായിരുന്നു. സൂപ്പര്‍ഹിറ്റ് സിനിമകളില്‍
നടി വീണ്ടും നായികയായെത്തി. അതേസമയം 2013 ന് ശേഷം കരീനയുടെ കരിയര്‍ ഗ്രാഫില്‍ ചെറിയ
ഇടിവ് വന്നിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. ദീപിക പദുകോണ്‍, കത്രീന കൈഫ്, കങ്കണ
റണൗത്ത് തുടങ്ങിയ നടിമാരെല്ലാം കൂടുതല്‍ ജനശ്രദ്ധയിലേക്ക് വരുന്നത് ഈ കാലഘട്ടത്തിലാണ്.
ഇവരില്‍ പലരുടെയും ശ്രദ്ധേയ സിനിമകളില്‍ പലതും ആദ്യം ഓഫര്‍ ചെയ്തത് കരീനാ കപൂറിനായിരുന്നു.
രാം ലീല എന്ന ചിത്രത്തിലെ പ്രകടനമാണ് ദീപികാ പദുകോണിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്.
ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് കരീനാ കപൂറിനെയാണ്. സമാനമായി കങ്കണ റണൗത്തിന്റെ 
കരിയര്‍ ഗ്രാഫ് മാറ്റി മറിച്ച ക്യൂൻ എന്ന സിനിമയും ആദ്യം എത്തിയത് കരീനാ കപൂറിലേക്കായിരുന്നു.
