# അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? കുഞ്ചാക്കോ ബോബന്റെ ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്

- Link: https://ml.b4blaze.com/film-news/kunchako-boban-padmini-movie-casting-call
- Published: 2022-05-15T21:25:00+05:30
- Author: Gargi

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ സംവിധായകന്‍
സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ‘പദ്മിനി’
എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. കുഞ്ചാക്കോ ബോബന്‍
ആണ് കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/padmini-kunchako.
jpg?resize=660%2C326&ssl=1)

‘ലിറ്റില്‍ ബിഗ് ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും അപര്‍ണ്ണ ബാലമുരളിയ്ക്കും
ഒപ്പം അഭിനയിച്ച് തകര്‍ക്കാന്‍ അനുയോജ്യരായ പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയിലുള്ള
സ്ത്രീ പുരുഷന്മാരെ തേടുന്നു.’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. താല്‍പര്യമുള്ളവര്‍ 
littldbigfilms08@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത്. അയക്കേണ്ട അവസാന തീയതി
2022 മെയ് 31 ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/padmini-casting-
call.jpg?resize=513%2C709&ssl=1)

‘കുഞ്ഞിരാമായണ’ത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി
ചിത്രം ദി പ്രീസ്റ്റിന്റെ സഹ രചയിതാവുമായിരുന്നു ദീപു. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍
കഥാപാത്രമായാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ 
ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിര്‍മ്മാണം. ശ്രീരാജ് രവീന്ദ്രന്‍
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജേക്‌സ് ബിജോയ് ആണ്. മാര്‍ക്കറ്റിംഗ്–
എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നതെന്ന് 
ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍
കുറിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/padmini-movie-kunchacko-
aparna.jpg?resize=1248%2C650&ssl=1)

‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ് ലൈനോടെയെത്തി ‘തിങ്കളാഴ്ച നിശ്ചയം’ മലയാളത്തിലെ 
സമീപകാല ഒടിടി റിലീസുകളില്‍ ഏറ്റവും ചര്‍ച്ചയായ ചിത്രമാണ്. കഴിഞ്ഞ തവണത്തെ സംസ്ഥാന 
ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. ഒക്ടോബര്‍ 29ന് സോണി ലിവിലൂടെയാണ്
ചിത്രം എത്തിയത്. ‘0-41*’ എന്ന ഡോക്യുമെന്ററിയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സെന്ന
ഹെഗ്‌ഡെയുടെ ആദ്യ ഫീച്ചര്‍ ചിത്രം കന്നഡയിലായിരുന്നു. ‘കഥേയോണ്ട് ഷുരുവാഗിഡേ’ എന്ന 
ചിത്രം 2018ലാണ് പുറത്തെത്തിയത്.
