# ‘ആ സിനിമയിൽ എനിക്ക് ചെയ്യാൻ പറ്റുന്ന വേറെ റോളില്ലെന്ന് ലാൽ ജോസ് സാർ പറഞ്ഞു’; അനുഭവം പങ്കുവെച്ച് സ്വാസിക

- Link: https://ml.b4blaze.com/film-news/lal-jose-sir-said-there-was-no-other-role-i-could-do-in-that-film-swasika-shares-her-experience
- Published: 2026-11-26T11:50:32+05:30
- Author: Sana Fathima

സിനിമയിൽ തനിക്ക് അർഹമായ അവസരങ്ങൾ ലഭിക്കാതെ പോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സ്വാസിക.
ലാൽ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിൽ ആദ്യം തനിക്ക് വേഷമുണ്ടായിരുന്നില്ലെന്നും
സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്നും
സ്വാസിക പറഞ്ഞു. ലാൽ ജോസിന്റെ റിയാലിറ്റി ഷോയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയതെന്നും
മികച്ച കഥാപാത്രങ്ങൾ വരുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും
നടി വെളിപ്പെടുത്തി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ പ്രതികരണം.

തനിക്ക് പരിചയമുള്ള സംവിധായകരോട് സിനിമകളിൽ അവസരം ചോദിക്കുമ്പോൾ പലപ്പോഴും അനുയോജ്യമായ
കഥാപാത്രങ്ങളില്ലെന്ന മറുപടിയാണ് ലഭിക്കാറുള്ളതെന്ന് സ്വാസിക പറയുന്നു. എന്നാൽ അത്തരം
മറുപടികളോട് താൻ വിയോജിപ്പ് പ്രകടിപ്പിക്കാറുണ്ടെന്നും നടി വ്യക്തമാക്കി. തങ്ങൾ സംവിധാനം
ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾ തനിക്ക് അവതരിപ്പിക്കാൻ കഴിയുന്നവ തന്നെയാണെന്നും അങ്ങനെയൊരു
കഥാപാത്രം നൽകാതിരിക്കുന്നത് വെറുമൊരു ഒഴിവുകഴിവാണെന്നും താൻ സംവിധായകരോട് തുറന്നുപറയാറുണ്ടെന്നാണ്
സ്വാസികയുടെ വെളിപ്പെടുത്തൽ. സ്വാസികയെ വിളിക്കുമ്പോൾ പ്രത്യേകിച്ച് വലിയ കഥാപാത്രം
തന്നെ നൽകേണ്ടിവരുമെന്ന ചിന്തയാണ് ചിലർക്കുള്ളതെന്നും എന്നാൽ വലിയ വേഷങ്ങളല്ല, നല്ലൊരു
കഥാപാത്രമാണ് തനിക്ക് വേണ്ടതെന്നും താരം പറയുന്നു.

ഇതിന് ഉദാഹരണമായാണ് ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അനുഭവം സ്വാസിക
പങ്കുവെച്ചത്. സിനിമയുടെ തുടക്കത്തിൽ താൻ ചിത്രത്തിന്റെ ഭാഗമായിരുന്നില്ല. ചിത്രത്തിൽ
രമ്യ നമ്പീശൻ, റീമ കല്ലിങ്കൽ, സംവൃത സുനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഈ സിനിമയിൽ ഏതെങ്കിലും ഒരു കഥാപാത്രം തനിക്ക് നൽകാമോയെന്ന് അന്ന് ലാൽ ജോസിനോട് ചോദിച്ചിരുന്നുവെന്നും
എന്നാൽ തനിക്ക് അനുയോജ്യമായ വേഷങ്ങളൊന്നും ചിത്രത്തിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ
മറുപടിയെന്നും സ്വാസിക പറഞ്ഞു. പിന്നീട് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്
തനിക്ക് ആ വേഷങ്ങൾ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് തോന്നിയതെന്നും നടി വ്യക്തമാക്കി.
രമ്യ നമ്പീശൻ അവതരിപ്പിച്ച ഡോക്ടറുടെ കഥാപാത്രമോ റീമ കല്ലിങ്കൽ ചെയ്ത കഥാപാത്രമോ തനിക്ക്
അവതരിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ളവയായിരുന്നില്ല. എന്നിട്ടും അത്തരം അവസരങ്ങൾ തനിക്ക്
ലഭിച്ചില്ലെന്ന നിരാശയും സ്വാസിക അഭിമുഖത്തിൽ പങ്കുവെച്ചു.

അതേസമയം, ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യാണ് സ്വാസികയുടേതായി
ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ
സഹോദരിയായാണ് സ്വാസിക വേഷമിട്ടത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ
റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ രണ്ട്
ദിവസങ്ങളിലെ മികച്ച പ്രതികരണത്തെ തുടർന്ന് കേരളത്തിൽ കൂടുതൽ സ്ക്രീനുകളിലേക്ക് പ്രദർശനം
വ്യാപിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ചിത്രത്തിന് മികച്ച പ്രകടനം തുടരാനാകുമെന്ന
പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
