# ഐസ് ടീയുമായി ‘കുട്ടിഷെഫ്’; അച്ഛൻ ദിലീപിന് നൽകി സന്തോഷം പങ്കുവെച്ച് മഹാലക്ഷ്മി

- Link: https://ml.b4blaze.com/film-news/little-chef-with-iced-tea-mahalakshmi-shares-her-joy-after-serving-it-to-her-father-dileep
- Published: 2026-10-03T19:20:53+05:30
- Author: Soorya S

ചെന്നൈയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ‘ദേ പുട്ട്’ റസ്റ്ററന്റിൽ നിന്നുള്ള രസകരമായ
ഒരു കുട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ
മഹാലക്ഷ്മി റെസ്റ്റോറന്റിന്റെ അടുക്കളയിൽ കയറി സ്വന്തമായി ഐസ് ടീ തയ്യാറാക്കുന്ന വീഡിയോയാണ്
പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഐസ് ടീ സ്പെഷലിസ്റ്റ് ഷെഫ് മാമു’ എന്ന രസകരമായ 
അടിക്കുറിപ്പോടെ കാവ്യ മാധവനാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

റെസ്റ്റോറന്റിന്റെ കിച്ചനിൽ തികഞ്ഞ ഗൗരവത്തോടെ തലമുടി മറച്ചുവെച്ച് വിഭവം തയ്യാറാക്കുന്ന
മഹാലക്ഷ്മിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പാചകത്തിന് ശേഷം താൻ ഉണ്ടാക്കിയ ഐസ്
ടീ അച്ഛൻ ദിലീപിന് കുടിക്കാൻ നൽകുകയും ചെയ്യുന്നുണ്ട്. ഐസ് ടീ കുടിച്ച ശേഷം “സൂപ്പർ…
താങ്ക്യു ഷെഫ്” എന്ന് ദിലീപ് പ്രശംസിച്ചതോടെ കുഞ്ഞു മഹാലക്ഷ്മി സന്തോഷത്താൽ തുള്ളിച്ചാടുന്നതും
വീഡിയോയിൽ കാണാം.

റസ്റ്ററന്റിലെ മറ്റൊരാൾ കൂടി ഐസ് ടീ രുചിച്ചു നോക്കി കൈ കൊടുക്കുമ്പോൾ ഏറെ സന്തോഷത്തോടെയാണ്
താരം പ്രതികരിക്കുന്നത്. റെസ്റ്റോറന്റിലെ പ്രധാന ഷെഫിന്റെ സഹായത്തോടെയാണ് മഹാലക്ഷ്മി
ഐസ് ടീ തയ്യാറാക്കിയത്. ചെന്നൈ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ പട്ടുപാവാടയണിഞ്ഞെത്തിയ
മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് പിന്നാലെ ഈ കുട്ടിഷെഫിന്റെ വീഡിയോയും ആരാധകർ നിമിഷനേരം
കൊണ്ട് വൈറലാക്കിക്കഴിഞ്ഞു.
