# ആദ്യ ഭാഗത്തേക്കാള്‍ പത്തിരട്ടി വലിപ്പത്തില്‍ കൈതി 2; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

- Link: https://ml.b4blaze.com/film-news/lokesh-kanakaraj-about-kaithi-second-part
- Published: 2022-06-11T16:22:40+05:30
- Author: Gargi

കമല്‍ഹാസന്‍ നായകനായ വിക്രമിന്റെ സൂപ്പര്‍ വിജയത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് 
ആഹ്ലാദിക്കുമ്പോഴും, വിജയ് നായകനായി എത്തുന്ന തന്റെ അടുത്ത പ്രോജക്റ്റ് ആരംഭിക്കാനുള്ള
ഒരുക്കത്തിലാണ്. ദളപതി 67 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന, ചിത്രത്തിന്റെ
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/kaithi.jpg?resize
=620%2C450&ssl=1)

ലോകേഷിന്റെ വിക്രം, കൈതി എന്നിവയുമായി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്ന
ആകാംക്ഷയിലാണ് സിനിമാ പ്രേമികളും വിജയ് ആരാധകരും. വിജയും ലോകേഷും ഒന്നിച്ച അവസാന ചിത്രം
മാസ്റ്റര്‍ ആയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ച്ചയാണോ ദളപതി 67
എന്ന് കണ്ടു തന്നെ അറിയണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/kaithi_157114122550.
jpg?resize=850%2C567&ssl=1)

കാര്‍ത്തി നായകനായ കൈതിയുടെ രണ്ടാം ഭാഗം വിജയ് ചിത്രത്തിന് ശേഷമായിരിക്കുമെന്നാണ് നിര്‍മ്മാതാവ്
എസ് ആര്‍ പ്രഭു വെളിപ്പെടുത്തിയത്. കൈതി സിനിമയേക്കാള്‍ പത്തിരട്ടി വലുപ്പമുള്ളതാകും
കൈതി 2 എന്നും അദ്ദേഹം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Kaithi-759-6.jpg?
resize=759%2C422&ssl=1)

കാര്‍ത്തിയെ നായകനാക്കി 2019ല്‍ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൈതി.
ഡില്ലി എന്ന മുന്‍തടവുപുള്ളിയുടെ കഥ പറഞ്ഞ ആക്ഷന്‍ ത്രില്ലറില്‍ നരേനും പ്രധാന കഥാപാത്രത്തെ
അവതരിപ്പിച്ചിരുന്നു. പക്കാ ആക്ഷന്‍ ചിത്രമാണെന്ന ടാഗ്‌ലൈനില്‍ തിയേറ്ററിലെത്തിയ ചിത്രം
അത് അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് പ്രതികരണം ഉണ്ടാക്കിയിരിക്കുന്നത്. നോ റൊമാന്‍സ്,
ഫുള്‍ ആക്ഷന്‍ എന്ന വാക്ക് പാടേ പാലിച്ചാണ് ചിത്രമെത്തിയത്.
