# നമ്പി നാരായണനായി മാധവന്‍ എത്തുന്നു..!! ‘റോക്കട്രി’ റിലീസ് തീയതി പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/madhavans-new-movie-rocketry-the-nambi-effect-release-date-out
- Published: 2022-02-16T15:14:53+05:30
- Author: Rahul

മാധവന്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.. ഇനിയിപ്പോള്‍ മാധവന്‍ എന്ന സംവിധായകന്റെകൂടി
കഴിവ് കാണാന്‍ ആണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ആര്‍. മാധവന്‍ സംവിധായകനായും
നായകനായും എത്തുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി
പ്രഖ്യാപിച്ചിരിക്കുകയാണ്. താരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയും ഈ വിവരം പുറത്ത് 
വിട്ടിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ
ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി ദി നമ്പി എഫക്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/madhavan-78-300x158.
jpg?resize=925%2C487&ssl=1)

മാധവന്‍ തന്നെ നടനായും സംവിധായകനായും എത്തുന്ന ഈ സിനിമയുടെ റിലീസ് പല കാരണങ്ങള്‍ കൊണ്ട്
നീണ്ടു പോയിരുന്നു. എന്നാലിപ്പോഴിതാ പുതിയ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് 
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 2022 ജൂലൈ ഒന്നിനാണ് ചിത്രം വേള്‍ഡ് വൈഡ് റിലീസ്
ചെയ്യുക. മലയാളം, തമിഴ്, ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാധവന്‍ തന്നെയാണ്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും
ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/rocketry-300x157.
jpg?resize=908%2C475&ssl=1)

ബോളിവുഡ് കിംഗ് ഷാരൂഖാന്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ എന്നിവര്‍ ചിത്രത്തില്‍ ഒരു
അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നമ്പി നാരായണന്റെ
ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ്
സിനിമയുടെ പ്രമേയം. മാധവന് പുറമെ നടി സിമ്രാനും രവി രാഘവേന്ദ്രയും ചിത്രത്തില്‍ പ്രധാന
വേഷത്തിലെത്തുന്നു.

 

 
