# മമ്മൂട്ടി, മോഹൻലാൽ, തിലകൻ, ഭരത് ഗോപി, മുരളി, നെടുമുടി വേണു.. ഈ ശ്രേണിയിലാണ് ടൊവിനോയും; മധുപാലിന്റെ കുറിപ്പ്

- Link: https://ml.b4blaze.com/film-news/madhupal-facebook-post-about-tovino-thomas
- Published: 2024-05-13T17:10:56+05:30
- Author: Ajay

സംവിധായകൻ സനൽ കുമാർ ശശിധരൻ നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരുന്നു.
സനൽ സംവിധാനം ചെയ്ത് ടൊവിനോയും നിർമാണ പങ്കാളിയായിരുന്ന വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട
ആരോപണമായിരുന്നു അത്. ചിത്രത്തിൽ ടൊവിനോ തന്നെയായിരുന്നു നായകനായി എത്തിയത്. ടൊവിനോ
സിനിമ റിലീസ് ചെയ്യാൻ സഹകരിക്കുന്നില്ലെന്നും ചിത്രം തിയേറ്ററിൽ എത്തിയാൽ അത് തന്റെ
കരിയറിനെ ബാധിക്കുമെന്നാണ് പറയുന്നതെന്നുമായിരുന്നു സനൽ തന്റെ എഫ്.ബി പോസ്റ്റിലൂടെ 
പറഞ്ഞത്.

ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ
മധുപാലിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി മോഹൻലാൽ തിലകൻ ഭരത് ഗോപി മുരളി 
നെടുമുടി വേണു തുടങ്ങി, മെയിൻ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങൾക്കൊപ്പവും, സിനിമ ചെയ്തിരുന്ന
അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയുമെന്നാണ് മധുപാൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/tovin2.jpg?resize
=1032%2C603&ssl=1)

**മധുപാലിന്റെ കുറിപ്പ് വായിക്കാം**

_മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന
സിനിമയെ അത്രമേൽ സ്നേഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ്
ടോവിനോ തോമസ്._

_ABCD എന്ന ചിത്രം മുതൽ നടികർ വരെയുള്ള സിനിമകൾ കാണുകയും അതിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും
ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോൾ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്._

_ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങൾ ആപേക്ഷികവുമാണ്. ഇന്ന്
ഈ ചെറുപ്പക്കാർ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്..
മമ്മൂട്ടി മോഹൻലാൽ തിലകൻ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിൻ സ്ട്രീമീനൊപ്പവും
സമാന്തര സംഘങ്ങൾക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും._

_താരപകിട്ടിന്റെ ദീപ്ത ശോഭയിൽ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം
എന്ന നിലയിൽ തിളങ്ങി നിൽക്കുമ്ബോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും
ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള
ഒരു അഭിനേതാവാണ് ടോവിനോ. ._

_സിനിമകൾ ചിലപ്പോൾ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോൾ ആ ചിത്രത്തിൽ അത്യുജ്ജ്വലമായ അഭിനയം
ആ ആക്ടർ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ്
യാഥാർത്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകർക്കുന്നതോ മറികടക്കുന്നതോ
കഴിവ് കൊണ്ടുമാത്രമാണ്. അത് മനസ്സിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്….._

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/madh.jpg?resize=
508%2C440&ssl=1)
