# മ, ക, എം, കെ…പുതിയ ലോഗോയുമായി മമ്മൂട്ടി കമ്പനി!!!

- Link: https://ml.b4blaze.com/film-news/mammootty-company-changed-logo
- Published: 2023-04-15T17:57:44+05:30
- Author: Anu

കോപ്പിയടി ആരോപണത്തിന് പിന്നാലെ വിഷു ദിനത്തില്‍ പുതിയ ലോഗോയുമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള
നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി. പുതിയ ലോഗോ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ
മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ
ചേര്‍ന്നുള്ളതാണ് പുതിയ ലോഗോ. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നേരത്തെ മമ്മൂട്ടി കമ്പനി ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് ലോഗോ മാറ്റിയതും പുതിയ ലോഗോ അവതരിപ്പിച്ചതും.

ജോസ്മോന്‍ വാഴയില്‍ എന്ന വ്യക്തിയാണ് സിനിമാ ചര്‍ച്ചാ ഗ്രൂപ്പിലൂടെ മമ്മൂട്ടി കമ്പനിയുടെ
ലോഗോയ്‌ക്കെതിരെ രംഗത്തെത്തിയത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞുംചില
സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു
അദ്ദേഹം ആരോപിച്ചിരുന്നത്.
  ഫ്രീപിക് / വെക്റ്റര്‍സ്റ്റോക് / പിക്സ്റ്റാസ്റ്റോക് /
അലാമി, എന്നീ സൈറ്റുകളില്‍ നിന്ന് എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി
എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് മമ്മൂട്ടി കമ്പനിയുടെ ഡിസൈനില്‍ ചെയ്തിരിക്കുന്നതെന്ന്
അദ്ദേഹം ആരോപിച്ചിരുന്നു. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയ്ക്ക് 
തന്റേതായ ഐഡന്റിറ്റിയില്ലാത്തതില്‍ വിഷമമുണ്ടെന്നും ജോസ്മോന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
