# അച്ചായനായി വീണ്ടും മമ്മൂട്ടി എത്തുമ്പോ ഒരു വമ്പൻ സ‍ർപ്രൈസ്; നന്നായി വിയ‍ർക്കേണ്ടി വരും, വരുന്നത് ചിലറക്കാരല്ല!

- Link: https://ml.b4blaze.com/film-news/mammootty-new-movie-updation
- Published: 2023-10-11T21:36:36+05:30
- Author: Gargi

ആർഡിഎക്സിലെ സ്റ്റണ്ട് സീനുകളിലൂടെ പൊടിപാറ്റിയ ഇരട്ട സഹോദരന്മാർ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്ന്
റിപ്പോർട്ട്. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‍സായ അൻപറിവായിരുന്നു ആർഡിഎക്സ് സിനിമയുടെ ജീവവായു.
മലയാളത്തിൽ മുമ്പും ഇവർ സ്റ്റണ്ട് സീനുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആർ‍ഡിഎക്സ് ഒരു 
വേറിട്ട അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആക്ഷൻ കൊറിയോഗ്രാഫിയിൽ തിളങ്ങി നിൽക്കുന്ന
ഇരട്ട സഹോദരൻമാരായ അൻപറിവ് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു 
എന്നാണ് റിപ്പോർട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mammootty2.jpg?resize
=1022%2C816&ssl=1)

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് അൻപറിവ് സ്റ്റണ്ട്
സീനുകൾ ഒരുക്കുക. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മോഹൻലാലിന്റെ 
പുലിമുരുകനിലൂടെയും മമ്മൂട്ടിയുടെ മധുരരാജയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ വൈശാഖാണ്.
അൻപറിവ് എത്തുമ്പോൾ ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ
പ്രതീക്ഷ. അൻപുമണി, അറിവുമണി എന്നീ ഇരട്ട സഹോദരൻമാരാണ് അൻപറിവ് എന്ന പേരിൽ ബോളിവുഡിൽ
വരെ തരം​ഗമായി എത്തി നിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rdx.jpg?resize=573%
2C321&ssl=1)

കെജിഎഫ്‍: ചാപ്റ്റർ ഒന്നിലൂടെ ദേശീയ അവാർഡും അൻപറിവ് നേടിയിരുന്നു. ഇടിപ്പടമായി എത്തി
ആർഡിഎക്സിന്റെ ആക്ഷൻ രംഗങ്ങളും കൊറിയോഗ്രാഫി ചെയ‍്‍തത് അൻപറിവായിരുന്നു. കെജിഎഫ്: ചാപ്റ്റർ
2, വിക്രം സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് റിലീസ് ചെയ്യാനുള്ള സലാർ,
ലിയോ, അയലാൻ, കൽക്കി 2898 എഡി എന്നിവയുടെയും ആക്ഷൻ ഡയറക്ടർമാർ. വിക്രമിന് ശേഷം ലിയോയിലൂടെ
ഇരുവരും തരം​ഗം സൃഷ്ടിക്കുമെന്നാണ് കോളിവുഡ് സിനിമ ലോകത്ത് നിന്ന് വരുന്ന വാർത്തകൾ.
