# ഓര്‍മ വെച്ച നാള്‍ മുതല്‍ നിറത്തിനെയും വണ്ണത്തിനെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്!!  മകനും നേരിടേണ്ടി വരുമോ എന്ന് ഭയമുണ്ട്-ബിനു അടിമാലിയോട് മഞ്ജു പത്രോസ്

- Link: https://ml.b4blaze.com/film-news/manju-pathrose-to-binu-adimali
- Published: 2023-12-24T17:49:04+05:30
- Author: Anu

എക്കാലത്തും നിലനില്‍ക്കുന്ന സാമൂഹിക വിപത്താണ് ബോഡി ഷെയിമിംഗ്. സാധാരണ ജീവിതത്തിലും
സിനിമയിലും മിനിസ്‌ക്രീനിലുമെല്ലാം ബോഡി ഷെയിമിംഗ് വിഷയമാകാറുണ്ട്. ബോഡി ഷെയിമിങ് തമാശകളെ
ന്യായീകരിച്ച നടന്‍ ബിനു അടിമാലിയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു പത്രോസ്.

സിനിമകളിലും ടെലിവിഷന്‍ ഷോകളിലും നടത്തുന്ന ബോഡി ഷെയിമിങ് തമാശകളെ പിന്തുണച്ചബിനു അടിമാലിക്ക്
അതേവേദിയില്‍ വെച്ചു തന്നെ മഞ്ജു മറുപടി നല്‍കിയിരിക്കുകയാണ്. പാളയം പിസി എന്ന ചിത്രത്തിന്റെ
പ്രൊമോഷന്‍ പരിപാടിക്കിടെ ആയിരുന്നു സംഭവം.
 കലാകാരന്‍മാര്‍ എന്തെങ്കിലും തമാശ പറയുന്നത്
പ്രേക്ഷകരെ ചിരിപ്പിക്കാനാണ്. ഉള്ളില്‍ ഒരുപാട് ദുഃഖങ്ങള്‍ ഒതുക്കിയാണ് ഓരോ പരിപാടിയും
ചെയ്യുന്നത്. ബോഡി ഷെയിമിംഗോ വ്യക്തിപരമായി ഉപദ്രവിക്കുകയോ ഒന്നും ഇതിലൂടെ ഉദ്ദേശിക്കുന്നില്ല.
പണ്ടത്തെ തമാശകളില്‍ ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും
പറയുന്ന തമാശകള്‍ സിനിമയെ വിജയിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന രീതിയില്‍ കാണുക എന്നായിരുന്നു
ബിനു അടിമാലിയുടെ പരാമര്‍ശം.

ഇതിനെതിരെയാണ് മഞ്ജു പത്രോസ് വേദിയില്‍ മറുപടി നല്‍കിയത്. ഒരുപാട് കലാകാരന്മാര്‍ ജീവിക്കാന്‍
ബുദ്ധിമുട്ടുകയാണ്. അതേ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. ഓര്‍മ വെച്ച നാള്‍
മുതല്‍ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവര്‍
പറയുന്ന ഈ തമാശകളൊന്നും അന്നെനിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. എനിക്കെന്തോ കുറവുണ്ടെന്ന്
കുത്തിവെക്കുന്നതായിരുന്നു ആ തമാശകള്‍.
  ബിനു ചേട്ടനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടാകും.
പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയില്‍ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പറ്റില്ല
ചില്ല് പൊട്ടി പോകുമെന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുമായിരിക്കും. പക്ഷെ അയാള്‍
ചിരിക്കുമോ എന്നെനിക്കറിയില്ല. ഇത്തരം കോമഡികള്‍ പറയുമ്പോള്‍ സഹജീവികളെ കൂടി പരിഗണിക്കണം.
ഇങ്ങനെയുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും എന്നാണ്
മഞ്ജു പറയുന്നത്.

എന്റെ മകന്‍ കറുത്തിട്ടാണ്. തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അവനും നേരിടുമോ എന്ന
ഭയം തനിക്കുണ്ടെന്നും മഞ്ജു പറയുന്നു. താന്‍ അത്തരം തമാശകളുടെ രക്തസാക്ഷിയാണ്. ഇനി 
വരുന്ന തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരില്‍ 
നാണം കെടാതെ ജീവിക്കണം. അങ്ങനെയുള്ള തമാശകള്‍ പറഞ്ഞില്ലെങ്കില്‍ കുഴപ്പമില്ലെങ്കില്‍
പറയാതിരിക്കുകയാണ് അവരോട് കാണിക്കുന്ന മാന്യത. ആ ഒരു ഉത്തരവാദിത്തം നമ്മള്‍ കാണിക്കണമെന്നും
മഞ്ജു വ്യക്തമാക്കി.
