# നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമമുണ്ട്, കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും മഞ്ജു പിള്ള

- Link: https://ml.b4blaze.com/film-news/manju-pillai-about-home-movie-and-state-award
- Published: 2022-05-28T16:22:38+05:30
- Author: Gargi

രോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍
പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ
പോയതില്‍ വിഷമുണ്ടെന്നും കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.‘
സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ആളാണ് ഞാന്‍. പലരും ഫോണില്‍ വാര്‍ത്തകള്‍ അയച്ചുതന്നിരുന്നു.
അവാര്‍ഡ് കിട്ടാന്‍ യോഗമില്ലെന്നു തോന്നുന്നു. ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ്
ഇപ്പോള്‍ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും
കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിര്‍ത്തപ്പെടരുത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Home_110821_1200.
jpg?resize=1200%2C800&ssl=1)

ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വര്‍ഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകന്‍ റോജിന്‍
തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം
ഉണ്ട്. ലോക്ഡൗണ്‍ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട്
ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്‌നത്തിന്റെ പേരില്‍
സിനിമയെ മാറ്റിനിര്‍ത്താന്‍ പറ്റില്ലല്ലോ. അങ്ങനെയെങ്കില്‍ ഒരു സിനിമയും ചെയ്യാന്‍ 
പറ്റില്ല. വ്യക്തിപരമായി അവാര്‍ഡൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്ദ്രന്‍സേട്ടനെയും
നല്ലൊരു സിനിമയെയും ഇവര്‍ കാണാതെപോയി എന്നതാണ് എന്റെ സങ്കടമെന്നും നടി പ്രതികരിച്ചു.

![Home.02](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Home.02.jpg?
resize=921%2C500&ssl=1)

ഹോമിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍
സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും
ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്.
