# പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സും തെലുങ്കിലേക്ക്!!

- Link: https://ml.b4blaze.com/film-news/manjummal-boys-telugu-remake
- Published: 2024-03-03T08:30:46+05:30
- Author: Anu

മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്നത് സുവര്‍ണ കാലത്തിലൂടെയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്
മലയാള ചിത്രങ്ങള്‍. അടുത്തിടെ ഇറങ്ങിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ് യുവതാരങ്ങള്‍ പ്രധാന
കഥാപാത്രമായെത്തിയ ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ
ചിത്രം ഹൃദയങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴകത്തും മഞ്ഞുമ്മല്‍
ബോയ്‌സ് ശ്രദ്ധ നേടുകയാണ്.

കൊടൈക്കനാലിലേക്ക് ടൂര്‍ പോയ മഞ്ഞുമ്മലിലെ യുവാക്കളും അവരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത
സംഭവങ്ങളുമാണ് ചിത്രം. ചിത്രം ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി മുന്നേറുകയാണ്. ആഗോള ബോക്‌സോഫീസിലും
ചിത്രം തകര്‍ക്കുകയാണ്.
  തമിഴകത്ത് മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ്
മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ഷോകളും ടിക്കറ്റ് വില്പനയും
നേടിയ മലയാള സിനിമയും മഞ്ഞുമ്മല്‍ ബോയ്‌സാണ്.

ഇപ്പോഴിതാ, ചിത്രത്തിനെ സംബന്ധിച്ച് മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രം
മറ്റൊരു ഭാഷയില്‍ കൂടി മൊഴി മാറ്റുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മഞ്ഞുമ്മല്‍
ബോയ്‌സ് തെലുങ്കിലാണ് എത്തുന്നത്. സംവിധായകന്‍ ചിദംബരം തന്നെയാണ് അറിയിച്ചത്. ഒരു തമിഴ്
യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരം ഇക്കാര്യം അറിയിച്ചത്.ആന്ധ്ര,
തെലങ്കാന സംസ്ഥാനങ്ങളില്‍ തെലുങ്ക് റീമേക്ക് ഉടന്‍ റിലീസിനെത്തും. മാര്‍ച്ച് 15ന് തെലുങ്ക്
പതിപ്പ് തിയേറ്ററുകളിലെത്തുന്നത്.
  നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തില്‍ എത്തിയ
പ്രേമലു തരംഗമായിരിക്കുകയാണ്. ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായ ചിത്രം പ്രേമലുവും തെലുങ്കിലെത്തിയിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്നെയാണ് പ്രേമലുവിന്റെ തെലുങ്കു പതിപ്പ് റിലീസ് ചെയ്യുന്നുവെന്ന 
വാര്‍ത്ത വന്നത്. ഇപ്പോഴിതാ തെലുങ്ക് ട്രെയിലറും എത്തിയിരിക്കുകയാണ്.
