# ഹോളിവുഡിനോട് കിട പിടിക്കുന്ന എട്ട് ആക്ഷനുകൾ; ഡൈനാമിക് ആക്ഷൻ ഹീറോയായി കസറാൻ ഉണ്ണി, മൂന്നാറിലെ ഷെഡ്യൂൾ പൂർത്തിയായി

- Link: https://ml.b4blaze.com/film-news/marco-movie-shooting-updation
- Published: 2024-05-17T19:44:38+05:30
- Author: Ajay

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ചിത്രത്തിന്റെ മൂന്നാറിലെ
ഷെഡ്യൂൾ പൂർത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. ഇനി കൊച്ചിയിലാണ് ചിത്രീകരണം.
ഉണ്ണി മുകുന്ദൻ തന്നെ ഇത് സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. 
അടുത്തിടെയാണ് മൂന്നാറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്,
ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ്
ഈ ചിത്രം നിർമ്മിക്കുന്നത്. ഹനീഫ് അദേനിയാണ് എഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. ആധുനിക സാങ്കേതികവിദ്യാ
മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ സിദ്ധിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ
യുഹാൻ സിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും നിരവധി പുതുമുഖങ്ങളും
അണിനിരക്കുന്നുണ്ട്. സമീപകാല മലയാള സിനിമയിൽ ആക്ഷന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി
ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/marco-unni.jpg?resize
=1280%2C720&ssl=1)

ഹോളിവുഡിനോടും ബോളിവുഡിനോടും കിടപിടിക്കും വിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി
മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി 
ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും
മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ എന്ന കാര്യത്തിൽ തർക്കമില്ല. ഹനീഫ്
അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിന്റെ സന്തതികളിലെ മാർക്കോ ജൂനിയർ
എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്.

കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെന്ന നിലയ്‌ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ
ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന
പ്രത്യേകതയും “മാർക്കോ”യ്‌ക്കുണ്ട്. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് – ഷെമീർ
മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ–
ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് – സ്യമന്തക് പ്രദീപ്, പ്രമോഷൻ കൺസൽട്ടൻ്റ്–
വിപിൻ കുമാർ, മാർക്കറ്റിംഗ് – 10 ജി മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനു മണമ്ബൂർ,
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
