# മോഹൻലാൽ വീണ്ടും തമിഴിലേക്ക് ; ഒപ്പം പാൻ ഇന്ത്യൻ താരങ്ങളും 

- Link: https://ml.b4blaze.com/film-news/mohanlal-back-to-thamizh
- Published: 2023-11-17T11:19:59+05:30
- Author: Sreekumar

തമിഴകത്തിന്റെ മനസ്സില്‍ വർഷങ്ങൾക്ക് മുൻപേ  സ്ഥാനമുറപ്പിച്ച നടനാണ് മോഹൻലാല്‍. മണിരത്നത്തിന്റെ
ഇരുവര്‍ എന്ന ഇതിഹാസ ചിത്രത്തിലൂടെയായിരുന്നു നടന്റെ തമിഴ് സിനിമാ അരങ്ങേറ്റം. വർഷങ്ങൾക്കിപ്പുറം
രജനികാന്ത് നായകനായ ജയിലറിലൂടെ മാസ് കഥാപാത്രമായി വീണ്ടും തമിഴകത്തിന് ആവേശമായി മാറി
മോഹൻലാല്‍. ജയിലറിലെ ഗംഭീര പ്രകടനത്തിന് ശേഷം തമിഴ് സിനിമയിൽ കയ്യടി നേടാൻ വീണ്ടുമൊരുങ്ങുകയാണ്
സൂപ്പർ താരം മോഹൻലാൽ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ചില വാർത്തകൾ നൽകുന്ന സൂചന. ഇപ്പോൾ
മറ്റൊരു പുതിയ വമ്പൻ തമിഴ് ചിത്രത്തില്‍ മോഹൻലാലിന് വീണ്ടും ക്ഷണം ലഭിച്ചു എന്നാണ് 
ലഭ്യമാകുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ
എ. ആർ മുരുഗദോസും ശിവകാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് മോഹൻലാൽ
ഒന്നിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആ റിപ്പോര്‍ട്ട് ആരാധകര്‍ ചര്‍ച്ചയാക്കുകയുമാണ്
ഇപ്പോൾ. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലേക്കാണ് തമിഴില്‍ നിന്നും
മോഹൻലാലിന് പുതിയതായി ക്ഷണം ലഭിച്ചിട്ടുള്ളത്. ശിവകാര്‍ത്തികേയനാണ് നായകനായി എത്തുക
എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ  മോഹൻലാല്‍ ക്ഷണം സ്വീകരിച്ചോയെന്നതിന് വ്യക്തമായ
റിപ്പോർട്ടുകൾ ഒന്നും ലഭിക്കുന്നില്ല. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ്
നിലവില്‍ യുവ നായകൻമാരില്‍ മുൻ നിരയിലുള്ള ശിവകാര്‍ത്തികേയൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/sivakarthiyan1.jpg?
resize=689%2C384&ssl=1)

കോമഡി മാത്രമല്ല വ്യത്യസ്‍തങ്ങളായ ഏത് കഥാപാത്രങ്ങളും തനിക്ക് ചേരും എന്ന് തെളിയിച്ച്
മുന്നേറുകയാണ് ശിവകാര്‍ത്തികേയൻ സമീപ കാലത്ത്. അതുകൊണ്ടു തന്നെ ശിവകാര്‍ത്തികേയൻ നായകനാകുന്ന
പുതിയ ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലാലും പ്രധാനപ്പെട്ട 
വേഷത്തില്‍ എത്തിയാല്‍ അത് വൻ ആവേശമാകും എന്ന് ഉറപ്പ്. ശിവകാര്‍ത്തികേയൻ നായകനായി മാവീരനാണ്
ഒടുവിലെത്തിയത്. മഡോണി അശ്വിനാണ് മാവീരന്റെ സംവിധാനം നിർവഹിച്ചത്. ശിവകാര്‍ത്തികേയൻ
സത്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് മാവീരനില്‍
നായികയായി വേഷമിട്ടത്. ശിവകാര്‍ത്തികേയനും അദിതിക്കും പുറമേ മാവീരൻ സിനിമയില്‍ സരിത,
മോനിഷ ബ്ലസ്സി, സുനില്‍ ബാലാജി ശക്തിവേല്‍, സുനില്‍, പഴനി മുരുകൻ, ജീവി രവി, മിഷ്‍കിൻ
തുടങ്ങിയവരും വേഷമിട്ടപ്പോള്‍ ഛായാഗ്രാഹണം വിദ്യുത് അയ്യണ്ണയും നിര്‍വഹിച്ചപ്പോള്‍ 
സംഗീത സംവിധാനം ഭരത് ശങ്കര്‍ ആണ്. അതേസമയം  നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത്
നായകനായി എത്തിയ ചിത്രം ‘ജയിലറി’ൽ മികച്ച പ്രകടനമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച മാത്യുവിന്റേത്.

 എന്നാൽ കുറഞ്ഞ സമയം മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നതെങ്കിലും ഗംഭീര പ്രകടനമായിരുന്നു
മാത്യു എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ പുറത്തെടുത്തത്. അതേസമയം തെന്നെ പാൻ ഇന്ത്യൻ 
ചിത്രമായാണ് മുരുഗദോസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ
തന്നെ  ബോളിവുഡ് സൂപ്പർ താരം വിദ്യുത് ജംവാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
എന്നും റിപ്പോർട്ടുകളുണ്ട്. മൃണാൾ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധ്
രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എസ്കെ 23 എന്നാണ് ചിത്രത്തിന്
ഇപ്പോൾ ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ്
ഇക്കാര്യം എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  മുരുഗദോസ്
വീണ്ടും സംവിധനത്തിലേക്ക് തിരികെ വരുന്നത്. രജനികാന്ത് നായകനായെത്തിയ ‘ദർബാർ’ ആയിരുന്നു
മുരുഗദോസിന്റെ അവസാന ചിത്രം. എന്തായാലും എ ആര്‍ മുരുഗദോസ് ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ
ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് മോഹൻലാല്‍ ആരാധകര്‍.
