# വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 4 പതീറ്റാണ്ട് !!

- Link: https://ml.b4blaze.com/film-news/mukesh-film-life
- Published: 2022-01-08T17:42:15+05:30
- Author: Rahul

വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 4 പതീറ്റാണ്ട് . നടനും നിർമ്മാതാവും
രാഷ്ട്രീയ പ്രവർത്തകനും സർവ്വോപരി കൊല്ലം MLA – യുമായ മുകേഷ് തന്റെ ചലച്ചിത്ര ജീവിതം
ആരംഭിക്കുന്നത് ബലൂൺ എന്ന ചിത്രത്തിലൂടെയാണ് .1982 – ജനുവരി 8 – നാണ് ബലൂൺ റിലീസാകുന്നത്.
കാളിദാസ കലാകേന്ദ്രത്തിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ഒ.മാധവന്റെയും പ്രശസ്ത
അഭിനേത്രി വിജയകുമാരിയുടെയും മകനായ മുകേഷ് , കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളായ ശോഭയോടൊപ്പമാണ്
ബലൂണിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്നത് . അഭിനയ കുലപതികളുടെ മക്കളുടെ സിനിമാപ്രവേശനം
എന്ന നിലയിൽ ബലൂൺ അത്യാവശ്യം പ്രീ പബ്ലിസിറ്റി നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/mekesh-2.jpg?resize
=200%2C300&ssl=1)

ഒരു വൻ വിജയം നേടാനാവാത്ത ഈ ചിത്രത്തിൽ അക്കാലത്തു ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയും
ഒരു വേഷം അവതരിപ്പിച്ചിരുന്നു . ബലൂൺ – ന് ശേഷം പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം ,
ബോയിംഗ് ബോയിംഗ് , നിന്നിഷ്ടം എന്നിഷ്ടം (കഥ) , മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ
ചിത്രങ്ങളിലൂടെ പതിയെ പ്രേക്ഷക ശ്രദ്ധ നേടി എടുത്തു . ശ്യാമ മുതൽ ജോഷിയേ പോലുള്ള മുൻ
നിര സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു . നിരവധി സഹനടൻ
വേഷങ്ങൾക്ക് ശേഷം മുകേഷിന് ലഭിച്ച ഉപനായക കഥാപാത്രമായിരുന്നു റാംജി റാവു സ്പീക്കിംഗ്–
ലെ ഗോപാലകൃഷ്ണന്റെ റോൾ . ഇരട്ട സംവിധായകരായ സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിന്റെ പ്രഥമ 
സംവിധാന സരംഭമായിരുന്നു റാംജി റാവു സ്പീക്കിംഗ് . ചിരിയോ ചിരി എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോനാണ്
മലയാള സിനിമയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ജീവത് പ്രതിസന്ധികളും അവരുടെ കൊച്ചു 
കൊച്ചു തട്ടിപ്പുകളും പ്രമേയവൽക്കരിക്കുന്നത് . ഇതിന്റെ ഒരു Extended version എന്നു
പറയാവുന്ന ഒന്നായിരുന്നു സിദ്ധിഖ് – ലാൽ രചന നിർവ്വഹിച്ച നാടോടിക്കാറ്റ് . സമാന പ്രമേയം
തന്നെയായിരുന്നു റാംജി റാവു സ്പീക്കിംഗ് – ലേതും .സൂപ്പർ ഹിറ്റായ മാറിയ ഈ ചിത്രത്തിലൂടെ
മലയാള സിനിമയിൽ പുതിയ ഒരു ട്രെന്റ് രൂപപ്പെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mukesh-Madhavan.
jpg?resize=800%2C566&ssl=1)

മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ” മമ്മൂട്ടിയുടേയോ മോഹൻലാലിന്റെയോ അനിയൻമാരോ അയൽവാസികളോ 
ആയി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന ഒരു നിര സഹനടൻമാരെ നായകനിരയിലേക്ക് കൈ പിടിച്ചുയർത്താൻ
റാംജി റാവു സ്പീക്കിംഗ് – ന്റെ വൻ വിജയം ഒരു നിമിത്തമായി മാറി “. റാംജി റാവു സ്പീക്കിംഗ്
ഉണ്ടാക്കിയെടുത്ത തരംഗം അതിന്റെ ഉച്ഛസ്ഥായിലെത്താൻ കാരണമായത് സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിന്റെ
തന്നെ മറ്റൊരു ചിത്രമായ ഇൻ ഹരിഹർ നഗർ നേടിയ അഭൂതത പൂർവ്വമായ വിജയമായിരുന്നു . തുടർന്നങ്ങോട്ട്
മലയാള സിനിമയിൽ കോമഡി ചിത്രങ്ങളുടെ ഒരു ചാകര തന്നെയായിരുന്നു . മമ്മൂട്ടിക്കും മോഹൻലാലിനും
പിന്നിൽ ശക്തമായ ഒരു രണ്ടാം നിര രൂപപ്പെട്ടു വന്നു . ഈ രണ്ടാം നിരയിൽ പ്രമുഖനായി വിലസാൻ
മുകേഷിന് കഴിഞ്ഞു . ലോ ബജറ്റ് ചിത്രങ്ങളിൽ ; തട്ടിപ്പും തരികിടയും കൈമുതലായുള്ള നായക
വേഷങ്ങളിൽ മുകേഷ് തിളങ്ങി നിന്നു . മലയാള സിനിമാ ചരിത്രത്തിൽ തന്നെ റിലീസ് കേന്ദ്രത്തിൽ
400 – ലേറെ ദിനങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച ഗോഡ്ഫാദർ എന്ന 
സിദ്ധിഖ് – ലാൽ ചിത്രത്തിലെ നായക വേഷവും മുകേഷിൽ ഭദ്രമായിരുന്നു . ടൈറ്റിൽ കഥാപാത്രമായി
അഭിനയിച്ച എൻ.എൻ. പിള്ളയുടെ പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭനായെങ്കിൽ തന്നെയും രാമഭദ്രൻ
എന്ന മുകേഷിന്റെ കഥാപാത്രത്തിന് ഇന്നും ധാരാളം ഫാൻ ഫോളോയിംഗ് ഉണ്ട് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/mukesh.jpg?resize
=894%2C588&ssl=1)

90 – കളുടെ മധ്യത്തോടെ കോമഡി ചിത്രങ്ങളുടെ തരംഗം അവസാനിച്ചെങ്കിലും നായകനിരയിൽ തന്നെ
തിളങ്ങി നിൽക്കാൻ മുകേഷിന് കഴിഞ്ഞു . ഹിറ്റ്ലർ , ഫ്രണ്ട്സ് , ക്രോണിക് ബാച്ച്‌ലർ തുടങ്ങിയ
സിദ്ധിഖ് ചിത്രങ്ങളിലെ ഉപനായക വേഷങ്ങൾ നായകനൊപ്പം കയ്യടി നേടി കൊടുത്തവയാണ്. 2002 വിഷു
സീസണിൽ റിലീസായ പകൽപ്പൂരം എന്ന ചിത്രമാണ് സോളോ ഹീറോ എന്ന നിലയിൽ മുകേഷിന്റെ അവസാന ഹിറ്റ്
ചിത്രം . മലയാള സിനിമയിൽ ദിലീപ് തരംഗം ആഞ്ഞടിക്കുകയും ജയസൂര്യ ഇന്ദ്രജിത്ത് , പ്രഥ്വിരാജ്,
ഫഹദ് ഫാസിൽ തുടങ്ങിയ ഒരു നിര താരങ്ങൾ കടന്ന് വരികയും ചെയ്ത വർഷം കൂടിയായിരുന്നു 2002.
കാറ്റിന്റെ ഗതി മാറിയത് മറ്റാരെക്കാളും മുമ്പേ തിരിച്ചറിഞ്ഞ മുകേഷ് പതിയെ സഹനടൻ വേഷങ്ങളിലേക്ക്
ചുവട് മാറി . മുകേഷിന്റെ കരിയറിലെ മൂന്നാം ഇന്നിംഗ്സ് അവിടെയാരംഭിക്കുകയായിരുന്നു .
തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ മലയാള സിനിമയിൽ സജീവ സാനിധ്യമായി തന്നെ
മുകേഷ് തുടർന്നു . ഇതോടൊപ്പം തന്നെ നിർമ്മാണത്തിലും ഒരു കൈ നോക്കാൻ മുകേഷ് തീരുമാനിച്ചു.
ശ്രീനിവാസനോടൊപ്പം ചേർന്ന് ലൂമിയർ ഫിലിം കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ച് ”
കഥ പറയുമ്പോൾ ” എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചത് മുകേഷാണ് . ചലച്ചിത്ര മേഖലയിലെ
വിജയം രാഷ്ട്രീയ രംഗത്തും അവർത്തിക്കാൻ മുകേഷിന് കഴിഞ്ഞു . വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ
രാഷ്ട്രീയ മത്സര രംഗത്തെ കാര്യമായി ബാധിച്ചില്ല എന്നു വേണം കരുതാൻ . തുടർച്ചയായി രണ്ട്
വട്ടവും നിയമസഭാംഗത്വം നേടാൻ മുകേഷിന് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mukesh-1.jpg?resize
=760%2C443&ssl=1)

തന്റെ നെഗറ്റീവുകളെ പോസിറ്റീവാക്കി മാറ്റാൻ അറിഞ്ഞോ അറിയാതെയോ മുകേഷിന് പലപ്പോഴും സാധിക്കുന്നുണ്ട്.
ഫോൺ വിളി വിവാദങ്ങൾ ; ചെറുപ്പക്കാർക്കിടയിൽ മുകേഷിന്റെ ഫാൻ ബേസ് കൂട്ടാനേ ഉപകരിച്ചിട്ടുള്ളൂ..
MLA പദവിയിലിരിക്കുമ്പോഴും രാമഭദ്രനും മഹാദേവനും ഗോപാലകൃഷ്ണനുമൊക്കെ ആയിട്ടായിരിക്കാം
അദ്ദേഹത്തെ പൊതു ജനം കാണുന്നതെന്നു തോന്നുന്നു . മുകേഷ് കഥാപാത്രങ്ങൾക്ക് കൾട്ട് സ്റ്റാറ്റസ്
നൽകി യുവാക്കൾ ഇന്നും ആഘോഷിക്കുന്നുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഉയരങ്ങൾ 
കീഴടക്കാൻ ഇനിയും മുകേഷിന് സാധിച്ചിട്ടുണ്ടോ എന്ന സംശയം ബാക്കിയാകുന്നു . നാടക രംഗത്ത്
ഒ.മാധവൻ ഒരു അതികായകനായിരുന്നു എങ്കിൽ മുകേഷ് ആ പദവിയിൽ നിന്നും കാതങ്ങൾ അകലെയാണ് എന്ന്
തന്നെയാണ് വ്യക്തിപരമായി എന്റെ അഭിപ്രായം . എന്തായാലും , മലയാള സിനിമയിൽ നാല് പതീറ്റാണ്ട്
കാലമായി സജീവ സാന്നിധ്യമായി നിൽക്കുന്ന മുകേഷിന് ആശംസകൾ
