# സെൽഫി എടുക്കാൻ ചെന്ന ആരാധകനെ തല്ലിനടൻ  നാനാ പടേക്കർ ; വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/nana-patekar-beat-at-fan-at-take-selfi
- Published: 2023-11-16T10:55:57+05:30
- Author: Sreekumar

സെല്‍ഫി എടുക്കാൻ തനിക്കരികിലെത്തിയ ആരാധകനെ തല്ലി നടൻ നടന്‍ നാനാ പടേക്കര്‍. സിനിമയുടെ
ചിത്രീകരണം നടക്കുന്നതിനിടെ സെല്‍ഫി എടുക്കാനെത്തിയ ആരാധകനെയാണ് നാനാ പടേക്കര്‍ തല്ലിയത്.
വാരണാസിയിലാണ് സംഭവം നടന്നത്. വിഡിയോ വൈറലായതോടെ രൂക്ഷമായ വിമർശനമാണ് താരത്തിനു നേരെ
ഉയരുന്നത്. ചിത്രീകരണത്തിന് തയ്യാറെടുക്കുന്നതിനിടെ യുവാവായ ഒരു ആരാധകന്‍ തന്‍റെ മൊബൈല്‍
ഫോണും കൈയിലേന്തി നാന പടേക്കറിന് അരികിലേക്ക് എത്തുന്നതും ഒരു സെല്‍ഫി ആവശ്യപ്പെട്ട്,
അത് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ പൊടുന്നനെയാണ് താരത്തിന്‍റെ പ്രതികരണം.
യുവാവിന്‍റെ തലയ്ക്ക് പിറകില്‍ കൈ കൊണ്ട് ശക്തിയായി അടിച്ച് അവിടെനിന്ന് മാറ്റുകയാണ്
നാന പടേക്കര്‍. ചിത്രീകരണസംഘത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തി ആരാധകനെ അവിടെനിന്ന്
മാറ്റുന്നതും വീഡിയോയില്‍ കാണാം.  ഷൂട്ടിങ് കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന  താരം കൈ 
ചൂണ്ടി ആരാധകനെ ശാസിക്കുന്നതും വ്യക്തമാണ്. ഗദ്ദർ 2 എന്ന ചിത്രത്തിനുശേഷം അനിൽ ശർമ 
സംവിധാനം ചെയ്യുന്ന സിനിമയിലാണ് നാനാ പടേക്കര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .

അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ജേണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ഉത്കര്‍ഷ് ശര്‍മ്മയാണ്.വീഡിയോ വൈറലായതിനൊപ്പം നാന പടേക്കറിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ടുള്ള
കമന്‍റുകളാണ് കൂടുതലും എത്തുന്നത്. പ്രേക്ഷകരാണ് താരങ്ങളെ താരങ്ങള്‍ ആക്കുന്നതെന്നും
എന്നാല്‍ അവര്‍ ഇങ്ങനെയാണ് തിരിച്ച് പെരുമാറുന്നതെന്നുമാണ് ഒരു കമന്‍റ്. നിങ്ങളുടെ 
ആത്മാഭിമാനം നിങ്ങളുടെ കൈയില്‍ ആണെന്നും അത് പണയം വെച്ച് ഇത്തരം സെല്‍ഫികള്‍ എടുക്കാന്‍
ചെല്ലരുതെന്നും ആരാധകനുള്ള ഉപദേശമായി നിരവധി കമന്‍റുകളും എത്തുന്നുണ്ട്. ആരാധകരുടെ 
ഇഷ്ടംപോലും മനസ്സിലാകാത്ത അദ്ദേഹം ഒരു യഥാർഥ കലാകാരനല്ലെന്ന് വിമർശകർ പറയുന്നു. ചിലര്‍
നടനെ ന്യായീകരിച്ചും എത്തുന്നുണ്ട്. ചിത്രീകരണം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാകും അദ്ദേഹം
ഇങ്ങനെ പ്രതികരിച്ചതെന്നാണ് ഇവരുടെ വാദം. അതേസമയം ഈ വിഷയത്തില്‍ നാന പടേക്കറിന്‍റെ 
പ്രതികരണം എത്തിയിട്ടില്ല. എന്തായാലും സിനിമാതാരങ്ങളോളം പ്രേക്ഷകാവേശം ഏറ്റുവാങ്ങുന്നവര്‍
കുറവാണ്. അത് ചിലപ്പോള്‍ അവര്‍ക്ക് വിനയാവാറുമുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അണിയറക്കാര്‍
നേരിടുന്ന ഒരു വലിയ പ്രതിസന്ധി പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നതാണ്. വലിയ
ജനക്കൂട്ടം ഭയന്ന് ലൊക്കേഷന്‍ തന്നെ മാറ്റിനിശ്ചയ്ക്കുന്നവരുമുണ്ട്. എന്നാല്‍ തങ്ങളോട്
ഇടപെടാനും സെല്‍ഫിയെടുക്കാനുമൊക്കെ എത്തുന്ന ആരാധകരോട് താരങ്ങളില്‍ പലരും അനുഭാവപൂര്‍വ്വമാണ്
പെരുമാറാറ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/nana4.jpg?resize
=681%2C381&ssl=1)

ഇനി അങ്ങനെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് അതിന്‍റെ വീഡിയോകള്‍ പറപറക്കുകയും
ചെയ്യും.    2008-ൽ, ഇതുപോലെ ഒരു ആരാധകനെ തല്ലിയ കേസിൽ പുലിവാല് പിടിച്ച താരമാണ് ഗോവിന്ദ.
മുംബൈയിലെ ഫിലിമിസ്താൻ സ്റ്റുഡിയോയില്‍ ‘മണി ഹേ തോ ഹണി ഹേ’ എന്ന ചിത്രത്തിന്റെ സെറ്റിൽ
വച്ച് സന്തോഷ് ബതേശ്വർ റായി എന്ന ആരാധകനെയാണ് ഗോവിന്ദ തല്ലിയത്. 2009 ഫെബ്രുവരിയിൽ 
നടനെതിരെ സന്തോഷ് പരാതി നൽകുകയും പിന്നീട് തന്റെ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്
ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. ഹൈക്കോടതി അപ്പീൽ റദ്ദാക്കിയപ്പോൾ
സന്തോഷ് സുപ്രീം കോടതിയെ സമീപിച്ചു. 2017ൽ സന്തോഷിന് അനുകൂലമായി സുപ്രീം കോടതി വിധി
പുറപ്പെടുവിക്കുകയും സന്തോഷിനോട് നിരുപാധികം മാപ്പ് പറയുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
നൽകുകയും ചെയ്യണമെന്ന് ഗോവിന്ദയോട് നിർദ്ദേശിക്കുകയുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/nana6.jpg?resize
=696%2C452&ssl=1)
