# ‘നൻപകൽ നേരത്ത് മയക്കം’ പുതിയ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി

- Link: https://ml.b4blaze.com/film-news/nanpakal-nerathu-mayakkam-will-have-theatre-release
- Published: 2022-12-16T10:35:12+05:30
- Author: Ajay

ഈ വർഷത്തെ ഐഎഫ്എഫ്‌കെ ഇന്ന് സമാപനം കുറിക്കുകയാണ്. ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര 
മേളയിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം. ചിത്രത്തിന്
മേളയിൽ മൂന്ന് പ്രദർശനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് അതിനാൽ തന്നെ ഡെലിഗേറ്റുകളിൽ പലർക്കും
സിനിമ കണാൻ സാധിച്ചില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/iffk6.jpg?resize
=1280%2C720&ssl=1)

സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമോ എന്നത് ഡെലിഗേറ്റുകൾക്കിടയിൽ ചോദ്യമുയർന്നിരുന്നു.
ചോദ്യോത്തര വേളയിൽ പ്രതിനിധികൾ ലിജോ ജോസ് പെല്ലിശ്ശേരിയോട് ഇതേക്കുറിച്ച് ചോദിക്കുകയും
ചെയ്തു എന്നാൽ മമ്മൂക്കയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു സംവിധായകന്റെ മറുപടി. ഇപ്പോഴിതാ
സിനിമയുടെ നിർമാതാക്കൾ ആയ മമ്മൂട്ടി കമ്പനി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/iffkk.jpg?resize
=1280%2C720&ssl=1)

നൻപകൽ നേരത്ത് മയക്കത്തിന് തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്
മമ്മൂട്ടി കമ്പനി.’നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന്
മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ചിത്രത്തിൽ ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ്
മമ്മൂട്ടി എത്തുന്നത്. സിനിമയുടെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് ചിത്രത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത്.
