# മാളവികയുടെ കാമുകൻ നവനീത് ഗിരീഷോ ? ; ആളെയറിയാൻ ആകാംക്ഷയോടെ ആരാധകർ

- Link: https://ml.b4blaze.com/film-news/navneet-girish-is-malvikas-boyfriend
- Published: 2023-10-30T13:03:36+05:30
- Author: Sreekumar

സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് മാളവിക ജയറാം.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയായ ജയറാമിന്റെയും പര്‍വ്വതിയുടെയും
മകളെന്ന നിലയില്‍ നിരവധി ആരാധകരാണ് മാളവികയ്ക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവ 
സാന്നിധ്യമാണ് താരപുത്രി. തന്റെ വിശേഷങ്ങളെല്ലാം മാളവിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അതുകൊണ്ട് തന്നെ അച്ഛനെയും അമ്മയെയും ചേട്ടനെയും പോലെ മാളവികയും എന്നും ലൈം ലൈറ്റില്‍
തന്നെയാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക 
ജയറാം. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് 
ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.’എന്റെ ജീവിതത്തില്‍ ഞാൻ എടുത്ത ഏറ്റവും
ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ.എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’
എന്നാണ് ഒരു യുവാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്  മാളവിക കുറിച്ചത്. കാമുകനാണെന്ന്
മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളില്‍ നിന്നും
അയാള്‍ തന്നെയാണ് ആളെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. എന്നാല്‍ കൂടെയുള്ള ആളുടെ പേരോ
മറ്റു വിവരങ്ങളോ മാളവിക പങ്കുവെച്ചിട്ടില്ല. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക
ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്ഥിരീകരിയ്ക്കാത്ത ചില സൂചനകൾ വെച്ച് നോക്കുകയാണെങ്കിൽ
മാഞ്ചെസ്റ്ററിൽ താമസമാക്കിയ പാലക്കാടുകാരൻ നവനീത് ഗിരീഷ് ആണ് മാളവികയ്ക്കൊപ്പമുള്ള 
യുവാവ് എന്നാണു കരുതുന്നത്. ഏതായാലും അധികം വൈകാതെ കാമുകന്റെ കൂടുതല്‍ വിവരങ്ങള്‍ താരപുത്രി
പങ്കുവച്ചേയ്ക്കും എന്നാണ് ആരാധകര്‍ കരുതുന്നത്. അതേസമയം അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന
സൂചന മാളവിക നല്‍കിയത്. ഇതിനു പിന്നാലെ താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച
ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തിരുന്നു. നേരത്തെ ഒരു പുരുഷന്റെ
കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കു വയ്ക്കുകയായിരുന്നു.
പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവച്ചു.
എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്.
കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ആ ചിത്രം.

കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം തന്നെ മാളവിക 
പോസ്റ്റ് ചെയ്തിരുന്നു. കുടുംബ സമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ,
ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍. എന്നാല്‍
ഇതിനോട് മാളവികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആരാണ് കാമുകൻ എന്ന 
രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. മാളവിക പങ്കുവച്ച ചിത്രത്തില്‍ നിന്നും തമിഴകത്തെ
മുൻനിര താരത്തിന്റെ മകനാണോ ഇതെന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. നേരത്തെ മാളവിക പങ്കുവച്ച
ചിത്രത്തിന് താഴെ കാളിദാസും പാര്‍വതിയും കുറിച്ച കമന്റുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കി കുട്ടിയോട് സ്‌നേഹം അറിയിച്ച്‌ വിജയ്
യേശുദാസും എത്തിയിരുന്നു. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്. ആരാണ് ഈ 
പുതിയ അംഗം, കാമുകന്‍ ആരാണ് എന്ന് കൂടി പറയാമായിരുന്നു എന്നൊക്കെ ചിലര്‍ അന്ന് കമന്റിലൂടെ
മാളവികയോട് പറഞ്ഞിരുന്നു. അതേസമയം അടുത്തിടെയാണ് കാളിദാസ് തന്റെ കാമുകിയെ സോഷ്യല്‍ 
മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. മോഡലായ തരിണി കലിംഗരായ ആണ് കാളിദാസിന്റെ പ്രണയിനി.
2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു തരിണി. കാളിദാസും അമ്മ പര്‍വതിയുമെല്ലാം ഇടയ്ക്കിടെ
തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴേ 
കുടുംബത്തിലെ ഒരംഗമായി തരിണി മാറിക്കഴിഞ്ഞു. അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച്‌ മക്കളുടെ
രണ്ടുപേരുടെയും വിവാഹം ഒരുമിച്ചു നടത്താൻ ആഗ്രഹമുണ്ടെന്ന് ജയറാം പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.
ഒരു വിവാഹ വേദിയില്‍ വെച്ച്‌ നടി ആനിയോടും സോനാ നായരോടുമായിരുന്നു ജയറാമിന്റെ ഈ കമന്റ്.
