# കേരള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം; ‘ദുരന്ധർ 2’ന്റെ റെക്കോർഡ് തകർത്ത് ‘രാമായണ: പാർട്ട് 1’

- Link: https://ml.b4blaze.com/film-news/new-history-at-the-kerala-box-office-ramayana-part-1-breaks-the-record-set-by-durandhar-2
- Published: 2026-11-11T12:57:19+05:30
- Author: Sana Fathima

കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷനിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് ചിത്രം ‘രാമായണ:
പാർട്ട് 1’. റിലീസ് ചെയ്ത് വെറും ആറ് ദിവസത്തിനുള്ളിൽ രൺവീർ സിംഗ് ചിത്രം ‘ദുരന്ധർ 
2’ നേടിയ ലൈഫ് ടൈം കളക്ഷൻ മറികടന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ
കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടവും ‘രാമായണ’ സ്വന്തമാക്കി.

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് 
തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ വലിയ 
ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും മികച്ച സ്വീകാര്യതയാണ് നേടുന്നത്. മലയാളികളുടെ പ്രിയതാരം
സായ് പല്ലവിയുടെ സാന്നിധ്യവും ദീപാവലി റിലീസും ചിത്രത്തിന് കേരളത്തിൽ കൂടുതൽ പ്രേക്ഷകശ്രദ്ധ
ലഭിക്കാൻ കാരണമായിട്ടുണ്ട്.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘ദുരന്ധർ 2’ ആയിരുന്നു ഇതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ
കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം. എന്നാൽ ആറ് ദിവസം കൊണ്ട് തന്നെ ആ റെക്കോർഡ് മറികടന്നതോടെ
കേരള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ‘രാമായണ’. ഇന്ത്യയിലുടനീളം മികച്ച
ബോക്സ് ഓഫീസ് പ്രകടനം തുടരുന്ന ചിത്രം വരും ദിവസങ്ങളിലും കൂടുതൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്നാണ്
ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

സാങ്കേതിക രംഗത്തും നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്. ഓസ്കാർ ജേതാക്കളായ
സംഗീത സംവിധായകരായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് 
ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ വി.എഫ്.എക്സ് സ്ഥാപനമായ ഡിഎൻഇജിയാണ് ചിത്രത്തിന്റെ
ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമാ പരമ്പരയുടെ ആദ്യ 
ഭാഗമാണ് ‘രാമായണ: പാർട്ട് 1’. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രങ്ങളിലൊന്നായി
വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമയുടെ ബോക്സ് ഓഫീസ് മുന്നേറ്റം സിനിമാ ലോകവും ഉറ്റുനോക്കുകയാണ്.
