# നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

- Link: https://ml.b4blaze.com/film-news/nikhila-vimal-as-nangeli-vidhu-prathaps-music-band-presents-nangeli-reborn-after-12-years
- Published: 2026-11-25T13:12:06+05:30
- Author: Sana Fathima

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ‘നങ്ങേലി’ക്ക് പുതിയ 
സംഗീതാവിഷ്കാരം. ഗായകൻ വിധു പ്രതാപിന്റെ നേതൃത്വത്തിലുള്ള ‘ഇറ്റ്‌സ് വിധു പ്രതാപ്’ 
മ്യൂസിക് ബാൻഡാണ് ‘നങ്ങേലി റീബോൺ’ എന്ന പേരിൽ ഗാനത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ബാൻഡിന്റെ ആദ്യ മ്യൂസിക് വീഡിയോ എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. പഴയ പതിപ്പിൽ ദീപ്തി
വിധു പ്രതാപ് നങ്ങേലിയായി എത്തിയപ്പോൾ പുതിയ ദൃശ്യാവിഷ്കാരത്തിൽ നടി നിഖില വിമലാണ് 
ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അക്കപ്പെല്ല (A 
Cappella) സംഗീതശൈലിയിൽ പുറത്തിറങ്ങിയ ‘നങ്ങേലി’ വേറിട്ട ആവിഷ്കാരത്തിലൂടെയാണ് ശ്രദ്ധ
നേടിയത്. വിധു പ്രതാപിന്റെ ശബ്ദവും കള്ളുഷാപ്പിലെ ബെഞ്ചും കുപ്പികളുമെല്ലാം സംഗീതത്തിന്റെ
ഭാഗമാക്കിയ ദൃശ്യാവിഷ്കാരവും അന്ന് ഏറെ ചർച്ചയായിരുന്നു. എ.ആർ. റഹ്മാന്റെ പ്രശംസയും
ഗാനത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ഫോക്ക് റോക്ക് സംഗീതത്തിന്റെ പുതുമയാർന്ന ശൈലിയിലാണ്
ഗാനം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.

പഴയ വീഡിയോയിൽനിന്ന് വ്യത്യസ്തമായി ബാൻഡിലെ ഓരോ അംഗവും തങ്ങളുടെ സംഗീതോപകരണങ്ങളിലൂടെ
ഗാനത്തിന് അകമ്പടി നൽകുന്ന ദൃശ്യങ്ങളാണ് പുതിയ മ്യൂസിക് വീഡിയോയുടെ പ്രധാന ആകർഷണം. 
അതോടൊപ്പം നിഖില വിമൽ അവതരിപ്പിക്കുന്ന നങ്ങേലിയുടെ ഫാന്റസി സ്വഭാവത്തിലുള്ള ദൃശ്യങ്ങളും
വീഡിയോയ്ക്ക് വേറിട്ട ഭാവം നൽകുന്നു. മനോഹരമായ ദൃശ്യവിന്യാസവും സൗന്ദര്യാത്മകമായ അവതരണവുമാണ്‘
നങ്ങേലി റീബോണി’ന്റെ പ്രത്യേകത. ദീപ്തി വിധു പ്രതാപാണ് ഗാനത്തിന്റെ ആശയാവിഷ്കാരവും 
നിർമാണവും നിർവഹിച്ചിരിക്കുന്നത്. എസ്. രമേശൻ നായരുടെ വരികൾക്ക് മനു രമേശനാണ് സംഗീതം
നൽകിയിരിക്കുന്നത്. ‘ഇറ്റ്‌സ് വിധു പ്രതാപ്’ ബാൻഡാണ് പുതിയ പതിപ്പിന്റെ സംഗീതാവിഷ്കാരവും
ആലാപനവും നിർവഹിച്ചിരിക്കുന്നത്.

വിധു പ്രതാപ് (ഗായകൻ), നിഹാൽ ആസാദ് (ഫ്ലൂട്ട്), ജോസി ജോൺ (ബേസ്), അബിൻ സാഗർ (ഗിറ്റാർ),
നെഖീബ് ഷാ (ഡ്രംസ്), ശങ്കരൻ (കീബോർഡ്), ഹരികൃഷ്ണൻ (പെർക്കഷൻ), ജൂബിൻ (ബേസ്), അമൽ രാജ്(
ഡ്രംസ്) എന്നിവരാണ് ബാൻഡ് അംഗങ്ങൾ. ഫിനു ഫായിസ് ബാൻഡ് കോ-ഓർഡിനേഷനും മാനേജ്മെന്റും 
നിർവഹിക്കുന്നു. വിപിൻ വി. നായരാണ് ബാൻഡ് മാനേജർ. ശ്രീജേഷ് നായരാണ് അറ്റ്മോസ് മിക്സ്
കൈകാര്യം ചെയ്തിരിക്കുന്നത്. ജാഫർ സാദിഖാണ് ഛായാഗ്രഹണം. സായ് ശങ്കർ എഡിറ്റിങ്ങും ഷെറൂഖ്
കൊറിയോഗ്രഫിയും നിർവഹിക്കുന്നു. അലീന രാജുവാണ് കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ്. ഗോവ ആർട്ട്
ഡയറക്ടറായും ട്വൽത്ത് ഒറിജിൻ വി.എഫ്.എക്സ് വിഭാഗത്തിലും പ്രവർത്തിക്കുന്നു. മനു ഹസ്സനാണ്
മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മാനിഷാദ ഇൻഡിയാണ് നിർമാണം.
