#  ‘നിമിഷയുമായി ലിപ് ലോക്ക് ചെയ്യാൻ ആകില്ല’ ; കാരണം വെളിപ്പെടുത്തി ടൊവിനോ 

- Link: https://ml.b4blaze.com/film-news/no-lip-lock-with-nimisha-say-in-tovino-thomas
- Published: 2023-11-15T14:20:39+05:30
- Author: Sreekumar

സിനിമകളിലെ ചുംബനരംഗങ്ങൾ പലപ്പോഴും ആസ്വാദനത്തിന് അപ്പുറം വിമർശനങ്ങൾക്കും വഴി വെക്കാറുണ്ട്.
ഈ ചുംബന രംഗങ്ങൾക്ക് സിനിമയുടെ പിറവിയോളം തന്നെ പഴക്കവുമുണ്ട്. പ്രണയത്തെ അതിന്റെ മനോഹാരികത
ഒട്ടും ചോരാതെയും എന്നാൽ ഏറ്റവും ലളിതവുമായും പ്രേക്ഷകരിലേക്ക് എത്തിക്കുവാനും സിനിമകളിലെ
ചുംബനരംഗങ്ങൾ ചിലപ്പോഴൊക്കെ അനിവാര്യമായി വരും. തെന്നിന്ത്യയിൽ ലിപ് ലോക്ക് ഒരു ട്രെൻഡാവുന്നത്
അർജുൻ റെഡ്ഡി സിനിമയുടെ റിലീസിന് ശേഷമാണ്. എന്നാൽ ലിപ് ലോക്ക് എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക്
ഓർമ വരാറുള്ള മുഖം നടൻ ടൊവിനോ തോമസിന്റേതാണ്. ഒരിടയ്ക്ക് അടുപ്പിച്ച് ചില സിനിമകളിൽ
ലിപ് ലോക്ക് സീനുകളിൽ അഭിനയിച്ചതോടെ അതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്
ടൊവിനോയ്ക്ക്. മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മിയെന്ന് തീവണ്ടി സിനിമയുടെ റിലീസിന് ശേഷം
ടൊവിനോയെ ഒരു വിഭാ​ഗം പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലിപ് ലോക്കുമായി 
ബന്ധപ്പെട്ട് അദൃശ്യ ജാലകങ്ങൾ എന്ന  സിനിമയുടെ സെറ്റിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ്
ടൊവിനോ തോമസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/tovino1.jpg?resize
=1021%2C615&ssl=1)

വമ്പൻ മേക്കോവറിൽ ടൊവിനോ എത്തുന്ന അദൃശ്യ ജാലകങ്ങൾ ഡോ.ബിജുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പേരില്ലാത്ത ഈ കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീര ഭാരവും ടൊവിനോ കുറച്ചിരുന്നു. യുദ്ധത്തെ
മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഇന്ദ്രൻസ്, നിമിഷ
സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്നേഹം, സമാധാനം, നീതി, വിവേകം, ബന്ധങ്ങൾ, എന്നിവയ്ക്കു
വേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടത്തെയാണ് ചിത്രത്തിൽ കാണിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി
ബന്ധപ്പെട്ട് സംസാരിക്കവെയാണ് നിമിഷ സജയനുമായി ലിപ് ലോക്ക് ചെയ്യാതിരുന്നതിനെ കുറിച്ച്
ടൊവിനോ സംസാരിച്ചത്. തനിക്ക് വളരെ കംഫർട്ടബിളായ നായികയാണ് നിമിഷയെന്നാണ് ടൊവിനോ പറയുന്നത്.‘
നിമിഷയും ഞാനും ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. ഇതിന് മുമ്പ് കുപ്രസിദ്ധ പയ്യൻ ചെയ്തിട്ടുണ്ട്.
അതല്ലാതെ തന്നെ ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ്. നിമിഷയുടെ
ഫാമിലിയുമായിട്ടും നല്ല അടുപ്പമുണ്ട് എനിക്ക്. നിമിഷയുടെ കൂടെ വർക്ക്‌ ചെയ്യുക എന്നത്
എനിക്ക് ഭയങ്കര രസമാണ്.’ ‘നിമിഷയും ഞാനും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ ഞങ്ങൾക്ക്
രണ്ടുപേർക്കും നല്ല കംഫർട്ട് ഫീൽ ചെയ്യാറുണ്ട്.

 ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടെ ആയതുകൊണ്ട് സിനിമയിലെ പ്രോസസ്സ് വളരെ എളുപ്പമായിരുന്നു.
ഒരു ദിവസം ഡോ. ബിജു പറഞ്ഞു ഈ സിനിമയിൽ ഞാനും നിമിഷയും തമ്മിലുള്ള ഒരു ലിപ്‌ലോക്ക് സീൻ
ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള ഇന്റിമസി കൂടുതൽ വർക്ക്‌ ആവുമെന്ന്.’ ഞാൻ പറഞ്ഞു
ലിപ്‌ലോക്കിനുള്ള സാധ്യത നമുക്കില്ലെന്ന്. കാരണം ലിപ്‌ലോക്ക് ചെയ്താൽ എന്റെ വായിൽ ഇരിക്കുന്ന
പല്ല് അവളുടെ വായിലേക്ക് പോവും. ഇത്തരം ഒരു തമാശ പറയാനൊക്കെ അവളോടാകും. കാരണം അവൾക്ക്
ഞാൻ ചേട്ടനെ പോലെയാണ് എനിക്ക് അവൾ അനുജത്തിയെപോലെയും.’ ‘കൊല്ലങ്ങൾ ആയിട്ട് അങ്ങനെയാണ്.
ദിവസവും വിളിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും എവിടെയാണോ നിർത്തിയത് അവിടെ നിന്നും
തുടങ്ങാൻ നമുക്ക് സാധിക്കുന്നുണ്ട്. അവളുടെ കൂടെ നല്ല എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ’,
എന്നാണ് ടൊവിനോ പറഞ്ഞത്. 2018ന് ശേഷം റിലീസിന് തയ്യാറെടുക്കുന്ന ഒരു ടൊവിനോ ചിത്രമാണ്
അദൃശ്യ ജാലകങ്ങൾ. ടൊവിനോയിലെ താരത്തെയല്ല അഭിനേതാവിനെ അദൃശ്യ ജാലകങ്ങളിൽ പ്രേക്ഷകന്
കാണാൻ സാധിക്കുമെന്ന് ഉറപ്പ് തരുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ.
നടികർ തിലകം അടക്കം ഒരുപിടി സിനിമകൾ ടൊവിനോയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.
തുറമുഖമാണ് നിമിഷ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ അവസാന മലയാള സിനിമ. ഇപ്പോൾ  തമിഴിലും
തിരക്കുള്ള നായികയാണ് നിമിഷ സജയൻ.
