# ‘ആ ഒരൊറ്റ കാരണം കൊണ്ടാണ് പാപ്പന് ഓക്കെ പറഞ്ഞത്’; നൈല ഉഷ

- Link: https://ml.b4blaze.com/film-news/nyla-usha-says-that-she-was-not-conscious-about-the-screen-space-in-the-movie-paappan-it-s-happend-because-of-joshy
- Published: 2022-07-24T16:34:12+05:30
- Author: Rahul

ചുരുക്കം ചില കഥാപാത്രങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ്
നൈല ഉഷ. ബോള്‍ഡായ കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവാണ് നൈല ഉഷയെ
ശ്രദ്ധേയയാക്കിയത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അതിന് ഉദാഹരണമാണ്.
ചിത്രത്തിലെ നൈല ഉഷയുടെ മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ
സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന ജോഷി ചിത്രം പാപ്പന്റെ വിശേങ്ങള്‍ പങ്കുവെക്കുകയാണ്
താരം.

സാധാരണ താന്‍ സിനിമ സെലക്ട് ചെയ്യുമ്പോള്‍ സ്‌ക്രീന്‍ സ്‌പേസും എത്ര മാത്രം പെര്‍ഫോം
ചെയ്യാനുണ്ടെന്നും നോക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പാപ്പനില്‍ അത് നോക്കിയല്ല
അഭിനയിച്ചത്. ജോഷി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് സിനിമ ചെയ്യാന്‍
തീരുമാനിച്ചതെന്നുമാണ് നൈല പറഞ്ഞത്. പാപ്പന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ
പ്രസ് മീറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു നൈല ഉഷ ഇക്കാര്യം പറഞ്ഞത്.

സുരേഷേട്ടന്‍, മമ്മൂക്ക, ലാലേട്ടന്‍ എന്നിവര്‍ക്കൊക്കെ ജോഷി സാറിന്റെ ഒരുപാട് സിനിമകളില്‍
നിറഞ്ഞുനില്‍ക്കാന്‍ പറ്റി. നമുക്ക് ചിലപ്പോള്‍ ജീവിതത്തില്‍ ഒരു അവസരമൊക്കെയേ കിട്ടുകയുള്ളൂ.
എനിക്ക് മറിയമായിട്ട് ഇനി ഒരു സിനിമയിലും വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരൊറ്റ
അവസരമേ കിട്ടുകയുള്ളൂ. ജോഷി സാര്‍ ആ ചിത്രം ഐക്കോണിക് ആയി എടുക്കുകയും എന്നെ പ്രസന്റ്
ചെയ്യുകയും ചെയ്തു എന്നും നൈല ഉഷ പറഞ്ഞു. തനിക്ക് എന്താണോ പൊറിഞ്ചു മറിയം ജോസ് സമ്മാനിച്ചത്
പാപ്പന്‍ അത് സമ്മാനിക്കുന്നത് നീതക്കായിരിക്കുമെന്നും താന്‍ ഇക്കാര്യം നീതയോട് പറഞ്ഞിട്ടുണ്ടെന്നും
നൈല ഉഷ പറഞ്ഞു.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ 
താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍
എത്തുക.

 

 

 
