# ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു..! ഗാനം ഇന്നും ട്രെന്‍ഡിംഗ് ആയതില്‍ സന്തോഷം!- ഔസേപ്പച്ചന്‍

- Link: https://ml.b4blaze.com/film-news/ouseppachan-about-devadoothar-padi-remix
- Published: 2022-07-26T09:31:57+05:30
- Author: Sreekumar

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചിത്രത്തിലെ ദേവദൂതര്‍
പാടി എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്. മമ്മൂട്ടി നായകനായി
എത്തിയ ‘കാതോട് കാതോരം’ എന്ന സിനിമയിലെ ഗാനം തന്നെയാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ
ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്
ഈ ഗാനരംഗം പുറത്തിറക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kunchako.jpg?resize
=441%2C656&ssl=1)

ഇപ്പോഴിതാ താന്‍ ഈണമിട്ട ഗാനം വീണ്ടും ട്രെന്‍ഡിംഗായി മാറിയതില്‍ സന്തോഷം അറിയിച്ച്
രംഗത്ത് വന്നിരിക്കുകയാണ് ഔസേപ്പച്ചന്‍. ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വര്‍ഷം
മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍
സന്തോഷം.. എന്ന് കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
അന്ന് യേശുദാസാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പുതിയ ഗാനം
ബിജു നാരായണനാണ് പാടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ouseppachan.jpg?
resize=615%2C383&ssl=1)

ഉത്സവപ്പറമ്പിലെ ഗാനമേളയില്‍ നിന്ന് എത്തുന്ന ഗാനത്തിന് കാണികള്‍ക്കിടയില്‍ നിന്ന് 
നൃത്തം ചെയ്യുന്ന ചാക്കോച്ചന്റെ തകര്‍പ്പന്‍ സ്റ്റെപ്പുകള്‍ ഇതിനോടകം തന്നെ ആരാധകര്‍
ഏറ്റെടുത്തിട്ടുണ്ട്. ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു.. എന്നാണ് ഔസേപ്പച്ചനും 
പറയുന്നത്. അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍,
ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/fb-00.jpg?resize
=499%2C548&ssl=1)

അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം
ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായെന്നാണ്
ഔസേപ്പച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് വണ്ണിലാണ്.
വണ്‍മില്യണ്‍ ആളുകള്‍ ചാക്കോച്ചന്റെ ഈ ഗാനരംഗം കണ്ട് കഴിഞ്ഞു.
