# ‘സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് താരം

- Link: https://ml.b4blaze.com/film-news/prabhas-purchases-first-ticket-of-sita-ramam
- Published: 2022-08-04T08:45:40+05:30
- Author: Gargi

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന സീതാരാമത്തിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി
പാന്‍-ഇന്ത്യന്‍ താരം പ്രഭാസ്. ഹൈദരാബാദില്‍ നടന്ന സീതാ രാമ’ത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍
മുഖ്യതിഥിയായി പ്രഭാസും പങ്കെടുത്തിരുന്നു. ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ 
ഠാക്കൂറും അടങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. സീതാ രാമം ഒരു
പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sitaram.jpg?resize
=1500%2C900&ssl=1)

”ട്രെയിലര്‍ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ്
ദുല്‍ഖര്‍. അവന്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്. ‘മഹാനടി’ എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും
മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ.
ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള
കാര്യമല്ല. പ്രണയകഥയ്ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു.
ഇതൊരു പ്രണയകഥയല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹനു രാഘവപുടിയുടെ സിനിമകള്‍ ഞാന്‍
കണ്ടിട്ടുണ്ട് അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹം സിനിമ കാണിക്കുന്ന രീതി 
കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ്
അദ്ദേഹം,” പ്രഭാസ് പറഞ്ഞു.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘സീതാ രാമം’ എന്ന ചിത്രത്തില്‍ ലഫ്റ്റനന്റ് റാമായി
ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. അശ്വിനി ദത്തിന്റെ വൈജയന്തി മൂവീസിന്റെയും സ്വപ്ന സിനിമയുടെയും
ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രശ്മിക മന്ദാന്ന, സുമന്ത്, തരുണ്‍ ഭാസ്‌ക്കര്‍,
ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള, വെണ്ണേല കിഷോര്‍, മുരളി ശര്‍മ, പ്രകാശ് രാജ്, ശത്രു,
ജിഷു സെന്‍ഗുപ്ത, സച്ചിന്‍ ഖേദേക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
