# ഹിന്ദി ‘ദൃശ്യം 3’-ലേക്ക് പ്രകാശ് രാജും; പുത്തൻ ആവേശത്തിൽ ആരാധകർ

- Link: https://ml.b4blaze.com/film-news/prakash-raj-joins-hindi-drishyam-3-fans-are-excited
- Published: 2026-02-11T12:00:20+05:30
- Author: Soorya S

അജയ് ദേവ്ഗൺ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിൽ
തെന്നിന്ത്യൻ താരം പ്രകാശ് രാജ് ജോയിൻ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം
താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മികച്ച ഒരു ടീമിനൊപ്പം വളരെ ആകർഷകമായ
ഒരു കഥാപാത്രത്തെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.

രണ്ടാം ഭാഗത്തിൽ ഐ.ജി തോമസ് ബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് ഖന്ന
മൂന്നാം ഭാഗത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ താൻ ആരുടെയും 
പകരക്കാരനായല്ല ചിത്രത്തിലേക്ക് എത്തുന്നതെന്നും തികച്ചും വ്യത്യസ്തമായ ഒരു പുതിയ കഥാപാത്രത്തെയാണ്
അവതരിപ്പിക്കുന്നതെന്നും പ്രകാശ് രാജ് എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. നേരത്തെ 
നടൻ ജയ്ദീപ് അഹ്ലാവത്തും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ 2026 ഒക്ടോബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നുണ്ട്.
മലയാളം പതിപ്പിന് മുൻപേ തന്നെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നത് സിനിമാ
ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
