# ‘യാമം വീണ്ടും വിണ്ണിലേ’… കാപ്പയിലെ ആദ്യ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/prithvirajs-kaapa-movie-first-song-released
- Published: 2022-12-16T17:46:19+05:30
- Author: Gargi

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം ‘കാപ്പ’യിലെ ആദ്യ ഗാനം 
പുറത്തുവിട്ടു. ‘യാമം വീണ്ടും വിണ്ണിലേ’… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ്
പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍
വിന്‍സന്റ്. കപില്‍ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kaapa-3.jpg?resize
=1280%2C720&ssl=1)

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച
ചിത്രം കൂടിയാണിത്. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ
പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്‘
കാപ്പ’. ചിത്രം തിയേറ്ററുകളിലെത്തുന്നത് ഡിസംബര്‍ 22നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kaapa-12.jpg?resize
=1280%2C720&ssl=1)

അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kaapa-p.jpg?resize
=1280%2C720&ssl=1)

ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍
ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം
നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ്
സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍
മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-
ഹരി തിരുമല, പിആര്‍ഒ ശബരി.
