# ‘ ബ്രോ ഡാഡിയിലെ ആ റോള്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കലക്കിയേനെ’; പ്രിയ വാര്യര്‍

- Link: https://ml.b4blaze.com/film-news/priya-varrier-about-kalyani-priyadarsan-role-in-bro-daddy
- Published: 2022-07-16T17:01:51+05:30
- Author: Rahul

അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ പി. വാര്യര്‍. ഈ ചിത്രത്തിലെ
ഒരു കണ്ണിറുക്കല്‍ സീനിലൂടെ ദേശീയ തലത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടു. ഗൂഗിളില്‍
അന്ന് പ്രിയ പി വാര്യരെ രാജ്യത്തെ യുവാക്കള്‍ ഒന്നടങ്കം തിരഞ്ഞിരുന്നു എന്നായിരുന്നു
പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ സീനുകള്‍ പുറത്തുവന്നതോടെ പ്രിയ വാര്യര്‍
ഒറ്റ ദിവസം കൊണ്ട് താരമായി മാറി. എന്നാല്‍ പ്രിയ വാര്യര്‍ എന്ന നടിയെ ആഘോഷിച്ചവര്‍ 
തന്നെ പിന്നീട് പലതരത്തില്‍ ട്രോളുന്നതും മലയാളികള്‍ കണ്ടു.നടിയുടെ അഡാര്‍ ലൗ തിയറ്ററില്‍
വലിയ പരാജയമായിരുന്നു. അഡാര്‍ ലൗവിന് ശേഷം പ്രിയ വാര്യര്‍ പിന്നീട് മലയാള ചിത്രങ്ങള്‍
ഒന്നും അഭിനയിച്ചിട്ടില്ല. തെലുങ്കിലും ഹിന്ദിയിലും പിന്നീട് താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് പ്രിയ വാര്യര്‍
മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്നെ മോഹിപ്പിച്ച ഒരു കഥാപാത്രത്തെ കുറിച്ച്
പറയുകയാണ് പ്രിയ വാര്യര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയിലെ
നായികാ വേഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്.

‘ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്.
എന്റെ മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. ആ റോള്‍ കിട്ടിയിരുന്നെങ്കില്‍ കലക്കാമായിരുന്നെന്ന്,’
എന്നായിരുന്നു പ്രിയ പി. വാര്യര്‍ പറഞ്ഞത്. മിക്കവാറും എല്ലാ സിനിമകള്‍ കാണുമ്പോഴും
ഈ കഥാപാത്രം ഞാന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നാറുണ്ടെന്നും ഈ കഥാപാത്രം
കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ടെന്നും
പ്രിയ പറയുന്നു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായാണ്
ബ്രോ ഡാഡി ഒരുങ്ങിയത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നായികയായെത്തിയത്. ‘
അന്ന കുര്യന്‍’ എന്നായിരുന്നു ചിത്രത്തില്‍ കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ 
പേര്.

 
