# റീനുവിനെയും സച്ചിനെയും ഇഷ്ടപ്പെട്ടു, പക്ഷേ ഏറ്റവും ഇഷ്ടമായത് ജെ കെ ജസ്റ്റ് കിഡ്ഡിംഗ്!!! പ്രേമലു കണ്ട് രാജമൗലി, ലൈഫ് ടൈം സെറ്റില്‍മെന്റെന്ന് ശ്യാം

- Link: https://ml.b4blaze.com/film-news/rajamouli-appreciates-premalu
- Published: 2024-03-08T20:38:40+05:30
- Author: Anu

നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു മലയാളത്തില്‍ വന്‍
തരംഗമായിരിക്കുകയാണ്. പിന്നാലെ ചിത്രം തമിഴിലും തെലുങ്കിലും വന്‍ പ്രതികരണമാണ് നേടുന്നത്.
ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇന്നാണ് തെലുങ്കില്‍ റിലീസ്
ചെയ്തത്. എല്ലാവരും ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് പങ്കിടുന്നത്. ഇപ്പോഴിതാ
പ്രശസ്ത സംവിധായകന്‍ രാജമൗലിയും ചിത്രം കണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്തത്. രാവിലത്തെ ഷോ കാണാന്‍ എസ്എസ് 
രാജമൗലി എത്തിയിരുന്നു. ഇപ്പോഴിതാ ‘പ്രേമലു’വിനെ കുറിച്ച് രാജമൗലി പങ്കുവച്ച വാക്കുകളാണ്
ശ്രദ്ധേയമാകുന്നത്.

‘കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു കൊണ്ടുവന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഒത്തിരി
ചിരിച്ചു. ഇപ്പോഴത്തെ മീം, യൗവന ഭാഷ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എനിക്ക് ട്രെയ്ലറില്‍ റീനു എന്ന പെണ്‍കുട്ടിയെ ഇഷ്ടമായി. സിനിമയിലെ സച്ചിന്‍ എന്ന പയ്യന്‍
പ്രിയങ്കരനാണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമായത് ആദിയെയാണ്. ജെ കെ ജസ്റ്റ് കിഡ്ഡിംഗ്’–
എന്നാണ് രാജമൗലി പങ്കുവച്ചത്.

രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയയാണ് പ്രേമലുവിനെ തെലുങ്കില്‍ ഡബിംഗിന് എത്തിച്ചത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്,
അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങളായത്.

> So glad Karthikeya did [#Premalu](https://twitter.com/hashtag/Premalu?src=hash&ref_src=twsrc%5Etfw)
> in Telugu. It was a laugh riot throughout. The writer did a fab job in getting
> the meme/youth language perfectly right.I liked the girl, Reenu in the trailer
> itself. In the film even the boy Sachin is lovable. But my fav is Aadi..JK..Just
> Kidding????
> — rajamouli ss (@ssrajamouli) [March 8, 2024](https://twitter.com/ssrajamouli/status/1766055818074443999?ref_src=twsrc%5Etfw)

ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. വിഷ്ണു
വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍
ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

അതേസമയം, രാജമൗലിയുടെ അഭിനന്ദനത്തിന് ആദിയെ അവതരിപ്പിച്ച ശ്യാം മോഹന്‍ നന്ദിയും പങ്കുവച്ചു.‘
എന്ത് പറയണം എന്നറിയില്ല, ഞാന്‍ ചെയ്ത കഥാപാത്രത്തെക്കുറിച്ച് രാജമൗലി സാര്‍.. ഇത് 
ലൈഫ് ടൈം സെറ്റില്‍മെന്റ്’, എന്നാണ് രാജമൗലിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍
പങ്കുവെച്ചുകൊണ്ട് ശ്യാം മോഹന്‍ കുറിച്ചു.
