# ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ‘പെണ്ണും പൊറാട്ടും’; പ്രഖ്യാപനവുമായി രാജേഷ് മാധവ്

- Link: https://ml.b4blaze.com/film-news/rajesh-madhav-announced-pennum-porattum
- Published: 2022-11-28T22:30:31+05:30
- Author: Gargi

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് യുവനടന്‍ രാജേഷ് മാധവന്‍. ‘ന്നാ താന്‍ 
കേസ് കൊട് ‘എന്ന ചിത്രത്തിലെ പ്രകടനത്തോടെ നിരവധി ആരാധകരെ നേടിയ താരമാണ് രാജേഷ്. ഇപ്പോഴിതാ
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററടക്കം പുറത്തുവിട്ടിരിക്കുകയാണ്
നടന്‍. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍
സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/rajesh.jpg?resize
=1280%2C720&ssl=1)

എല്ലാവരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കില്‍
കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്റെ വിവരങ്ങള്‍ രാജേഷ് മാധവന്‍ പുറത്തുവിട്ടത്. കോമഡി
ഡ്രാമ എന്റര്‍ടെയിനറാകും ചിത്രമെന്നും താരം പറഞ്ഞിട്ടുണ്ട്.

വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയ രാജേഷ് ‘അസ്തമയം വരെ’ എന്ന ചിത്രത്തിന്റെ
പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മഹേഷിന്റെ പ്രതികാരം’
എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയും ശ്യം പുഷ്‌കരനെയും കഥ 
കേള്‍പ്പിക്കാന്‍ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവന്‍ തന്നെ പറഞ്ഞിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Nna-Thaan-Case-Kodu-
review.jpg?resize=1280%2C720&ssl=1)

ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെയും
കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും
പ്രവര്‍ത്തിച്ചത് മറ്റാരുമായിരുന്നില്ല. ഏറ്റവുമൊടുവില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന
ചിത്രത്തിലെ ‘സുരേശന്‍’ എന്ന കഥാപാത്രമായി എത്തി തിയറ്ററുകളില്‍ കൈയടി നേടി.
