# ‘രാമായണ’ സെറ്റിലും കോസ്റ്റ്യൂമിലുമെല്ലാം സ്വർണത്തിളക്കം; രാവണന്റെ സിംഹാസനത്തിനു മാത്രം ചെലവായത് ഒന്നര കോടി!

- Link: https://ml.b4blaze.com/film-news/ramayana-yash-ravana-gold-throne
- Published: 2026-11-06T19:15:39+05:30
- Author: Soorya S

2000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ സെറ്റുകളും കോസ്റ്റ്യൂമുകളും
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ നിർമിതികളിൽ ഒന്നായി മാറുന്നു.
ചിത്രത്തിൽ രാവണനായി എത്തുന്ന യാഷിന്റെ സിംഹാസനത്തിന് രാജകീയ പ്രൗഢി നൽകാൻ യഥാർത്ഥ 
സ്വർണം തന്നെയാണ് അണിയറപ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. 24-കാരറ്റ് തങ്കത്തിന്റെ 
ചീളുകൾ ഉപയോഗിച്ച് നിർമിച്ച ഈ ഒറ്റ സിംഹാസനത്തിന് മാത്രം ഒന്നര കോടി രൂപയോളമാണ് ചെലവായത്.

പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ട്രൈബ് അമ്രപാലി’യുടെ നേതൃത്വത്തിൽ ചിത്രത്തിനായി ഏകദേശം
4,500-ഓളം ആഭരണങ്ങളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാവണന്റെ ആഭരണങ്ങളിൽ സർപ്പചിഹ്നങ്ങളും
കടും നീല, കറുപ്പ് നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ സെറ്റുകൾക്കായി
മാത്രം കോടികളാണ് അണിയറക്കാർ ചെലവഴിച്ചിരിക്കുന്നത്. ശൂർപ്പണഖയുടെ ഒരൊറ്റ രംഗത്തിൽ 
വന്നുപോകുന്ന രഥം നിർമ്മിക്കാൻ പോലും ഒന്നര കോടി രൂപയാണ് മുടക്കിയത്. മുംബൈ ഫിലിം സിറ്റിയിൽ
150-ലധികം കൂറ്റൻ സെറ്റുകളാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.
