# ‘സീതയായി സായി പല്ലവി ഒട്ടും ചേരുന്നില്ല, രൺബീർ അതിഗംഭീരം; യഷിന്റെ രാവണൻ നിരാശപ്പെടുത്തി’; തുറന്നുപറഞ്ഞ് നടി തനിഷ

- Link: https://ml.b4blaze.com/film-news/sai-pallavi-doesnt-suit-the-role-of-sita-at-all-ranbir-is-absolutely-brilliant-yashs-ravana-is-disappointing-actress-tanisha-speaks-her-mind
- Published: 2026-11-26T11:55:19+05:30
- Author: Sana Fathima

‘രാമായണ: പാർട്ട് വൺ’ സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് നടി തനിഷ
മുഖർജി. ചിത്രത്തിൽ ശ്രീരാമനായി എത്തിയ രൺബീർ കപൂറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയ
താരം, സീതയായുള്ള സായി പല്ലവിയുടെ കാസ്റ്റിങ്ങിൽ അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം, 
രാവണനായി യഷ് മികച്ച രീതിയിൽ തിളങ്ങിയെങ്കിലും കഥാപാത്രത്തിന്റെ ആഴം പൂർണമായി അവതരിപ്പിക്കാൻ
അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും തനിഷ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 
മൂന്ന് വ്യത്യസ്ത കുറിപ്പുകളിലൂടെയാണ് നടിയും കജോളിന്റെ സഹോദരിയുമായ തനിഷ സിനിമയുടെ
റിവ്യൂ പങ്കുവെച്ചത്. ചിത്രം വൈകിയാണ് കണ്ടതെങ്കിലും മികച്ചൊരു സിനിമാനുഭവമാണ് ലഭിച്ചതെന്ന്
തനിഷ കുറിച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പല വിവരങ്ങളും സിനിമയെക്കുറിച്ച് തെറ്റായ
ധാരണയാണ് നൽകിയതെന്നും ചിത്രത്തിൽ രാമന്റെ കഥാപാത്രത്തിനാണ് ഏറെ പ്രാധാന്യമെന്നും താരം
പറഞ്ഞു. ‘അനിമൽ’ എന്ന ചിത്രത്തിലെ രൺബീറിന്റെ പ്രകടനം ഇഷ്ടപ്പെട്ടിരുന്നെങ്കിലും ശ്രീരാമനായി
അദ്ദേഹത്തെ കാണുമ്പോൾ എങ്ങനെ തോന്നുമെന്ന കാര്യത്തിൽ ആദ്യം സംശയമുണ്ടായിരുന്നുവെന്നും
എന്നാൽ ആ സംശയങ്ങളെല്ലാം അസ്ഥാനത്താക്കിയ പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും തനിഷ വ്യക്തമാക്കി.

സായി പല്ലവി മികച്ച അഭിനേത്രിയാണെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും സീത എന്ന കഥാപാത്രത്തിന്
അവർ അനുയോജ്യയല്ലെന്നാണ് തനിഷയുടെ അഭിപ്രായം. സായി പല്ലവി സ്ക്രീനിലെത്തുമ്പോൾ സിനിമയുടെ
ദൃശ്യാനുഭവവുമായുള്ള തന്റെ ബന്ധം നഷ്ടപ്പെടുന്നതുപോലെ തോന്നിയെന്നും താരം കുറിച്ചു.
അതേസമയം, ചിത്രത്തിന്റെ ദൃശ്യങ്ങളും കഥയും അഭിനയവുമെല്ലാം മികച്ചതാണെന്നും തനിഷ അഭിപ്രായപ്പെട്ടു.

രൺബീർ കപൂറിന്റെ പ്രകടനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മറ്റൊരു കുറിപ്പും
തനിഷ പങ്കുവെച്ചിരുന്നു. ശ്രീരാമൻ എന്ന കഥാപാത്രത്തിന്റെ വിവിധ വൈകാരിക തലങ്ങൾ പ്രേക്ഷകരിലേക്ക്
എത്തിക്കാൻ രൺബീറിന് കഴിഞ്ഞുവെന്നാണ് താരത്തിന്റെ വിലയിരുത്തൽ. പിതാവ് വനവാസത്തിന് 
അയച്ചപ്പോഴുണ്ടായ വേദനയും കൈകേയിയിൽ നിന്നേറ്റ മാനസിക ആഘാതവും സീതയോടുള്ള സ്നേഹവും 
ലക്ഷ്മണനോടുള്ള കരുതലുമെല്ലാം രൺബീറിന്റെ അഭിനയത്തിൽ പ്രകടമായിരുന്നുവെന്ന് തനിഷ പറഞ്ഞു.

സീതയെ നഷ്ടപ്പെടുമ്പോഴുള്ള ശ്രീരാമന്റെ വേദനയും ഞെട്ടലും അതോടൊപ്പം ലക്ഷ്യത്തിലേക്കുള്ള
ഉറച്ച തീരുമാനവും രൺബീർ മനോഹരമായി അവതരിപ്പിച്ചു. കഥാപാത്രത്തിന്റെ വൈകാരികതകൾ സ്വാഭാവികമായി
പ്രകടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഏറ്റവും ശ്രദ്ധേയമായതെന്നും തനിഷ കൂട്ടിച്ചേർത്തു.
ശ്രീരാമന്റെ ശാന്തമായ സ്വഭാവം രൺബീർ അതിമനോഹരമായി ഉൾക്കൊണ്ടുവെന്നും അദ്ദേഹം കഥാപാത്രമായി
ജീവിക്കുകയായിരുന്നുവെന്നും തനിഷ പ്രശംസിച്ചു. തന്റെ മുത്തശ്ശിയുടെ ‘രാംരാജ്യ’ എന്ന
സിനിമയിലൂടെയാണ് രാമായണ സംസ്കാരത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയതെന്നും താരം 
ഓർമിച്ചു.

അതേസമയം, രാവണനായി എത്തിയ യഷിന്റെ പ്രകടനത്തിൽ ചില പോരായ്മകളുണ്ടെന്നാണ് തനിഷയുടെ മറ്റൊരു
നിരീക്ഷണം. യഷിനെ നടനെന്ന നിലയിൽ ഏറെ ഇഷ്ടമാണെന്നും പുരോഗമനപരമായ ചിന്താഗതിയുള്ള വ്യക്തിയായാണ്
അദ്ദേഹത്തെ കാണുന്നതെന്നും പറഞ്ഞ തനിഷ, രാവണന്റെ കഥാപാത്രാവിഷ്കാരം തന്നെ പൂർണമായി 
തൃപ്തിപ്പെടുത്തിയില്ലെന്നും വ്യക്തമാക്കി. രാവണൻ കേവലം ഒരു വില്ലൻ മാത്രമല്ലെന്നും
വലിയ അറിവും പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നുവെന്നും തനിഷ ഓർമിപ്പിച്ചു. ഒരു പണ്ഡിതൻ,
ബ്രാഹ്മണൻ, അറിവുള്ള വ്യക്തി എന്നീ നിലകളിലുള്ള രാവണന്റെ വ്യക്തിത്വവും കഥാപാത്രത്തിന്റെ
ആത്മീയവും ബൗദ്ധികവുമായ ആഴവും സിനിമയിൽ കൂടുതൽ പ്രകടമാകേണ്ടിയിരുന്നുവെന്നാണ് താരത്തിന്റെ
അഭിപ്രായം. യഷിന്റെ പ്രകടനം പ്രധാനമായും ശാരീരികമായ കരുത്തിലും ആധിപത്യത്തിലുമാണ് കേന്ദ്രീകരിച്ചതെന്നും
അവർ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് ശൂർപ്പണഖയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ കൂടുതൽ വൈകാരികതയും ആർദ്രതയും 
കൊണ്ടുവരാമായിരുന്നുവെന്നാണ് തനിഷയുടെ വിലയിരുത്തൽ. ശൂർപ്പണഖയുടെ ഭർത്താവിനെ രാവണൻ 
വധിക്കുന്ന രംഗത്തിൽ പോലും ആ വൈകാരികത പ്രകടമാകേണ്ടതായിരുന്നുവെന്നും താരം പറഞ്ഞു. 
എന്നാൽ രാവണന്റെ ഗാംഭീര്യവും ശക്തിയും സ്ക്രീനിൽ അവതരിപ്പിക്കാൻ യഷിന് സാധിച്ചുവെന്നും
അതൊരു വലിയ നേട്ടമാണെന്നും തനിഷ അംഗീകരിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചുള്ള
തനിഷയുടെ തുറന്ന അഭിപ്രായങ്ങൾ ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ്. പ്രത്യേകിച്ച്
രൺബീറിന്റെ പ്രകടനത്തിന് ലഭിച്ച പ്രശംസയും സായി പല്ലവിയുടെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള
വിമർശനവും സിനിമയോടുള്ള പ്രേക്ഷകരുടെ ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്.
