# ഞാന്‍ കടമൊന്നും മേടിച്ചിട്ടില്ല, കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റ്  വിറ്റിട്ട് പടം നിര്‍മ്മിക്കാന്‍ നോക്കുകയാണ്!! ലൈവില്‍ വന്ന് സൈജു കുറുപ്പ്

- Link: https://ml.b4blaze.com/film-news/saiju-kurup-about-pappachan-olivilanu-movie
- Published: 2023-08-04T19:23:49+05:30
- Author: Anu

മയൂഖത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നായകനാണ് സൈജു കുറുപ്പ്. മിക്ക സിനിമകളിലും താരത്തിന്
ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഏതെങ്കിലും പ്രാരാബ്ധം കാണും. അതെല്ലാം ട്രോളുകളില്‍
നിറയാറുണ്ട്. കടക്കെണിയിലായ നായകന്‍ എന്നാണ് താരത്തിന്റെ ട്രോളന്മാര്‍ തന്നെ വിളിക്കുന്നത്.

സൈജു നായകനായ പുതിയ ചിത്രം പാപ്പച്ചന്‍ ഒളിവിലാണ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. 
മലയോര ഗ്രാമത്തിലെ പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ
മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം.
  ഇപ്പോഴിതാ ചിത്രത്തിന്റെ
പ്രമോഷന്റെ ഭാഗമായി സൈജു കുറുപ്പ് ഫേസ്ബുക് ലൈവിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സൈജുവിന്റെ വ്യത്യസ്ത പ്രൊമോഷന്‍ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. 
തന്നെ കടക്കെണി സ്റ്റാര്‍ എന്നും പ്രാരാബ്ധം സ്റ്റാര്‍ എന്നുമൊക്കെ വിളിക്കുന്നവര്‍ക്ക്
സൈജു ലൈവില്‍ മറുപടി നല്‍കുന്നുണ്ട്.

ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന്
പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയ്യില്‍ നിന്ന് കടം മേടിച്ചിട്ട്
മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്.

ഞാന്‍ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച്
ഒളിവില്‍ പോയെന്നോ, കാശ് കൊടുക്കാന്‍ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും
സത്യമില്ല.
  ഇതില്‍ ആകെ സത്യമുള്ളത്, ഞാന്‍ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവില്‍
പോയത്, ആരെ പേടിച്ചിട്ടാണ്. ഇത് ഞാന്‍ ഉടനെ ലൈവില്‍ വന്ന് പറയുന്നതായിരിക്കും. പക്ഷേ
ഇപ്പോള്‍ തല്‍ക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല.

ഞാന്‍ നമ്മുടെ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാന്‍
നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനെത്തെ പ്രശ്‌നമൊന്നുമില്ല, കടമൊന്നും ഞാന്‍ മേടിച്ചിട്ടില്ല.
പക്ഷേ ഞാന്‍ എന്തിനാണ് ഒളിവില്‍ പോയത്. അത് ഞാന്‍ ഉടനെ ക്ലിയറാക്കി എന്റെ ഫേസ്ബുക്ക്
സുഹൃത്തുക്കളോട് പറയുന്നതായിരിക്കും എന്നാണ് സൈജു വീഡിയോയില്‍ പറയുന്നത്.

സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പച്ചന്‍ ഒളിവിലാണ്. സൈജു കുറുപ്പ് നായകനായ
ചിത്രത്തില്‍ ശ്രിന്ദ, ദര്‍ശന എന്നിവരാണ് നായികമാര്‍. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍
തോമസ് തിരുവല്ല നിര്‍മ്മിക്കുന്നത്.
